
തൃശൂർ: 'സ്ത്രീശക്തി മോദിക്കൊപ്പം" മഹിളാസമ്മേളനത്തിൽ സ്ത്രീസമൂഹത്തിന്റെ ആദരവേറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 3.50 ഓടെ തേക്കിൻകാട് മൈതാനത്തെ ശ്രീമൂലസ്ഥാനത്ത് തുറന്ന ജീപ്പിൽ വന്നിറങ്ങി. 200 മീറ്റർ അകലെയുള്ള വേദിയിലേക്ക് നടന്നുവരവേ വനിതകൾ പുഷ്പവൃഷ്ടിയും പാർട്ടിക്കൊടികളുമായി വരവേറ്റു.
നാലോടെ വേദിയിലെത്തിയ അദ്ദേഹത്തെ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാളണിയിച്ച് സ്വീകരിച്ചു. മറിയക്കുട്ടി, ഗായിക വൈക്കം വിജയലക്ഷ്മി, വനിതാ ക്രിക്കറ്റ് താരം മിന്നുമണി തുടങ്ങിയവരോട് കുശലം പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. വൈക്കം വിജയലക്ഷ്മി, മിന്നുമണി എന്നിവരെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. 4.25ന് തുടങ്ങിയ പ്രസംഗം 41 മിനിട്ട് നീണ്ടു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അയോദ്ധ്യയിലെ ശ്രീരാമന്റെ ശില്പം ഉപഹാരമായി നൽകി. മഹിളാമോർച്ച ഭാരവാഹികൾ വലിയ ഹാരമണിയിച്ചു. ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലെ 51 സ്ഥലത്തെ മണൽ കൊണ്ടുണ്ടാക്കിയ ചിത്രത്തിന്റെ ഫോട്ടോ ചിത്രകാരൻ ബാബു എടക്കുന്നി സമ്മാനിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ ഹനുമാൻ പ്രതിമ നൽകി. വ്യവസായി ബീന കണ്ണൻ വെള്ളിനൂൽ കൊണ്ടുണ്ടാക്കിയ ഷാളണിയിച്ചു.
ചടങ്ങിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരൻ, നടൻ സുരേഷ് ഗോപി, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ, സഹപ്രഭാരി രാധാമോഹൻ അഗർവാൾ എം.പി, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ഡോ. ശോശാമ്മ ഐപ്പ്, നടി ശോഭന, നാരീശക്തി പുരസ്‌കാരം നേടിയ ഡോ.എം.എസ്.സുനിൽ, ഉമാ പ്രേമൻ, മറിയക്കുട്ടി, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റുമാരായ ഡോ.ജെ.പ്രമീളാദേവി, പ്രൊഫ.വി.ടി.രമ, സെക്രട്ടറി രാജി പ്രസാദ്, നേതാക്കളായ രേണു സുരേഷ്, അഡ്വ.ടി.പി.സിന്ധുമോൾ, എം.എൽ.അശ്വനി, ബിന്ദു സുരേഷ്, ബിന്ദു വലിയശാല, സിനി മനോജ്, നവ്യ ഹരിദാസ്, എ.പി.അബ്ദുള്ളക്കുട്ടി, അനിൽ കെ.ആന്റണി, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, കെ.വി.ശ്രീധരൻ മാസ്റ്റർ, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, അഡ്വ.പി.സുധീർ, കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.