
ചാലക്കുടി: നഗരസഭ ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം അവതാളത്തിൽ. മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന മൂന്ന് ചേംബറുകൾക്കും കേടുപാടുണ്ടായി. ഇതുമൂലം പ്രവർത്തനം നടക്കവേ, ഇവയിൽ നിന്നും അനിയന്ത്രിതമായി പുക ഉയരുകയാണ്. പരിസരത്താകെ ഇതു പടർന്നു. അസഹ്യമായ ദുർഗന്ധവും പുറത്തേയ്ക്ക് വമിക്കുകയാണ്. ഗ്യാസ് ക്രിമറ്റോറിയത്തിൽ ഇവ രണ്ടും പാടില്ലാത്തതാണ്. ചേംബറിന്റെ വാതിലുകൾക്കും വലിയ വിടവുണ്ട്. അകത്ത് തീ കത്തുന്നത് ഇവയിലൂടെ പുറത്തുനിന്നും കാണാം.
മൃതദേഹം തീപിടിച്ചു തുടങ്ങുന്ന സമയത്ത് വലിയ ശബ്ദത്തിൽ വാതകം പുറത്തേയ്ക്ക് തള്ളുന്നതും നിത്യസംഭവമായി. എല്ലാ മാസവും ശരാശരി എഴുപതോളം മൃതദേഹങ്ങളാണ് ഇവിടെ ദഹിപ്പിക്കുന്നത്. ഇതിന് ക്രമമായ അറ്റകുറ്റ പണി നടക്കാത്തതാണ് കേടുപാടുകൾക്ക് കാരണം. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ ഗുരുതരമായ വീഴ്ചയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആരോപണം ഉയർന്നു.
കാരണമായി പറയുന്നത്
കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിച്ചത് മൂന്ന് ചേംബറുകളുടെയും വാതിൽ തുറന്നിട്ടായിരുന്നു. നാലും അഞ്ചും പ്ലാസ്റ്റിക് കവർ ചുറ്റിയുള്ള മൃതദേഹം സംസ്‌കരിക്കുമ്പോൾ വാതിൽ അടച്ചാൽ പ്രക്രിയ കൃത്യമായി നടക്കില്ലെന്ന് വിദഗ്ദ്ധാഭിപ്രായമുണ്ടായി. നിരന്തരം തുറന്നിട്ട വാതിലുകളിലൂടെ ഘടന മാറുകയും കൃത്യമായി അടച്ചു പൂട്ടാൻ കഴിയാതെയുമായി. അതേസമയം അറ്റകുറ്റ പണികൾക്ക് പദ്ധതി തയ്യാറാക്കിയെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ചേംബറിനടുത്ത് വെള്ളം വീണ് മൃതദേഹത്തിന് വലം വയ്ക്കുന്നവർ തെന്നി വീഴാൻ സാദ്ധ്യത ഏറെയാണെന്നും ഇത് ഒഴിവാക്കാൻ നിരത്തിൽ പ്ലാസ്റ്റിക് മാറ്റുകൾ ഇടണം. നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയർമാൻ ഇതിന് തയ്യാറായില്ല.
സി.എസ്.സുരേഷ്
പ്രതിപക്ഷ നേതാവ്