1

തൃശൂർ: വടക്കുന്നാഥ ക്ഷേത്രം മൈതാനത്ത് പൂരത്തിനെന്ന പോലെ ജനം നിറഞ്ഞപ്പോൾ ആവേശകൊടുങ്കാറ്റുയർത്തി മോദി. ബി.ജെ.പിയുടെയും മഹിളാ മോർച്ചയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സമ്മേളനം ചരിത്രം കുറിച്ചു. റോഡ് ഷോയിൽ തലയെടുപ്പോടെ തിളങ്ങി നരേന്ദ്രമോദി, മഹിളാ സംഗമത്തിൽ പതിനായിരക്കണക്കിന് സത്രീകളുടെ കൈയ്യടി നേടി. രാവിലെ മുതൽക്കേ മറ്റ് ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ സാംസ്‌കാരിക തലസ്ഥാനത്തേക്ക് ഒഴുകിയെത്തി.

ഉച്ചയോടെ തൃശൂർ പൂരത്തിനെന്ന പോലെ റോഡ് ഷോയ്ക്കും മഹിളാ സംഗമത്തിലേക്കും ജനസാഗരം. പുഷ്പാലംകൃതമായ ഓറഞ്ച് നിറത്തിലുള്ള വാഹനത്തിലായിരുന്നു മോദിയുടെ റോഡ് ഷോ. പുരുഷൻമാർക്ക് റോഡ് ഷോയും സ്ത്രീകൾക്ക് മഹിളാ സംഗമവും എന്ന നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്വരാജ് റൗണ്ടിന് ഇരുഭാഗങ്ങളിലുമായി ബാരിക്കേഡിന് പിറകിലായാണ് റോഡ് ഷോ കാണുന്നതിനുള്ള ആളുകളെ കടത്തിവിട്ടത്.

വടക്കുന്നാഥ ക്ഷേത്രമൈതാനിയിലെ സമ്മേളന നഗരിയിലേക്ക് സ്ത്രീകളെ മാത്രമാണ് കടത്തിവിട്ടത്. പാർട്ടിപ്പതാകളും തൊപ്പിയും ധരിച്ചെത്തിയ പ്രവർത്തകർ ആവേശത്തോടെ മോദിയുടെ കട്ടൗട്ടുകളും കൈയിലേന്തിയാണ് സമ്മേളന നഗരിയിലേക്ക് എത്തിയത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് പഴുതടച്ച സുരക്ഷയായിരുന്നു ഒരുക്കിയത്. ബാഗുകൾ അടക്കം പരിശോധിച്ച് മെറ്റൽ ഡിറ്റക്ടറുകൾ വഴി ഉദ്യോഗസ്ഥർ സ്വരാജ് റൗണ്ടിന്റെ ഇരുവശത്തുമുള്ള ഇന്നർ ഫുട്പാത്തിലൂടെ മാത്രം ആളുകളെ വഴിതിരിച്ചുവിട്ടു. രണ്ട് മണിയായപ്പോഴേക്കും നിരക്ക് നിയന്ത്രണാതീതം. എ.ഡി.ജി.പിമാരായ മനോജ് ഏബ്രഹാം, എം.ആർ. അജിത്കുമാർ, റേഞ്ച് ഐ.ജി: അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരും ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ ജനറൽ ആശുപത്രിക്കു സമീപമുള്ള ബന്തവസ് പരിശോധനയ്‌ക്കെത്തി. സ്ത്രീകൾ അടക്കമുള്ള ആളുകൾ റോഡ് നിറഞ്ഞ് എത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. ബാരിക്കേഡുകൾ വച്ച് റോഡ് അടച്ചു. തേക്കിൻകാടിനോടു ചേർന്നുള്ള ഇന്നർ ഫുട്പാത്തിലേക്കു ആളുകളെ കയറ്റിവിട്ടതോടെ റോഡിന് ഇരുവശത്തും നടപ്പാതയിൽ ജനം തിങ്ങിനിറഞ്ഞു. റോഡ് ഷോ കാണാൻ ജനറൽ ആശുപത്രിക്കു മുൻവശത്തെ മരത്തിൽ കയറാൻ ശ്രമിച്ചവരെ പൊലീസ് തിരിച്ചിറക്കി.

റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രിക്ക് പുഷ്പവൃഷ്ടി നടത്തിയവർ ആവേശത്തിൽ മൊബൈലും കൈവിട്ടു. ജില്ലാ ജനറൽ ആശുപത്രി മുതൽ റോഡ് ഷോ അവസാനിക്കുന്ന ഇടയ്ക്ക് പത്തോളം മൊബൈലാണ് പൊലീസിന് ലഭിച്ചത്. പൂക്കളും മൊബൈലും ഒരേ കൈയ്യിൽ പിടിച്ച പലരും മോദി എത്തിയതോടെ രണ്ടും കൂടി എറിയുകയായിരുന്നു. ചിലത് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ചില ഉദ്യോഗസ്ഥർ അപ്പോൾ തന്നെ തിരിച്ചു നൽകി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മുന്നറിയിപ്പ് നൽകിയിട്ടും ആവേശത്തിൽ മൊബൈലും എറിയുകയായിരുന്നു.