1
1

സ്വരാജ് റൗണ്ടും തേക്കിൻകാടും ജനലക്ഷങ്ങൾ നിറഞ്ഞപ്പോൾ, നഗരത്തിന് പുറത്ത് ഞായറഴ്ച പ്രതീതി. ശക്തൻ സ്റ്റാൻഡിൽ അടക്കം കടകൾ അടഞ്ഞുകിടന്നു. സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള കടകളും തുറന്നില്ല. രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ടായിരുന്നു. റൗണ്ടിലേക്കുള്ള ഇടവഴികളിലും പാർക്കിംഗിന് നിരോധിച്ചിരുന്നു.

മഹിളാ സമ്മേളനത്തിനെത്തിയ ആയിരക്കണക്കിന് പേർക്ക് സമ്മേളന നഗരിയിലേക്ക് എത്താനായില്ല. നിശ്ചിതസമയം കഴിഞ്ഞതോടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ കാൽനടയായി സമ്മേളന നഗരിയിലേക്ക് പുറപ്പെട്ടെങ്കിലും എത്തിച്ചേരാൻ സാധിച്ചില്ല. സ്ത്രീകൾ അടക്കമുള്ള ആയിരങ്ങൾ ഇതോടെ നിരാശരായി മടങ്ങി.

സ്ത്രീകളെ ആവേശം കൊള്ളിച്ച് ഭാരത് മാതായെന്ന് വിളിപ്പ് മോദി. മഹിളാ സംഗമത്തിൽ തന്റെ പ്രസംഗം അവസാനിപ്പിച്ച പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുത്തവർക്ക് മുൻപിൽ ഭാരത് മാത എന്ന് വിളിച്ച് ഏറ്റുവിളിപ്പിച്ചു. വന്ദേമാതരം പലതവണ ഏറ്റുവിളിപ്പിച്ച അദ്ദേഹം എല്ലാവരോടും ഏഴുന്നേറ്റ് നിന്ന് കൈയ്യിലുള്ള കൊടി ഉയർത്തി വീശാനും ആഹ്വാനം ചെയ്തു.

മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ട മറിയക്കുട്ടിയെയും വൈക്കം വിജയലക്ഷ്മിയെയും സമ്മേളനത്തിന് ശേഷം വനിതാ നേതാക്കൾ പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തി. സാമൂഹികക്ഷേമ പെൻഷൻ ലഭിക്കാത്താതിനെത്തുടർന്ന് ശക്തമായ പ്രതിഷേധം ഉയർത്തിയ ഇടുക്കി സ്വദേശിനിയാണ് മറിയക്കുട്ടിയെന്ന് പറഞ്ഞപ്പോൾ അവരെ മോദി അഭിനന്ദിച്ചതായി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ പറഞ്ഞു. കേരളത്തെ മികച്ച ഗായികയായണെന്നും ഏറെക്കാലമായി പ്രധാനമന്ത്രിയെ കാണണമെന്ന അഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പരിചയപ്പെടുത്തി. ഇതുകേട്ട പ്രധാനമന്ത്രി അവരുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

നവഭാരത ഗായകന് സ്വാഗതം എന്ന ഗാനം ആലപിച്ച് വൈക്കം വിജയലക്ഷ്മി. മോദിയോട് സംസാരിക്കണമെന്നും അടുത്തിരിക്കണമെന്നുള്ള ആഗ്രഹം തുറന്ന് പറഞ്ഞാണ് സ്വാഗത ഗാനം ആലപിച്ചത്. നിറഞ്ഞ കൈയ്യടിയോടെയാണ് വിജയലക്ഷ്മിയുടെ ഗാനം വേദിയും സദസും ഏറ്റെടുത്തത്.