
തൃശൂർ: കാർഷിക സർവകലാശാലയുടെ ഭൂമി വെറ്ററിനറി സർവകലാശാലയ്ക്ക് കൈമാറാനുള്ള നീക്കം മരവിപ്പിച്ചേയ്ക്കും. ബുധനാഴ്ച മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും തങ്ങളുടെ അറിവോടെയല്ലെന്ന് കൃഷിമന്ത്രി പി.പ്രസാദും, മൃഗസംക്ഷണ മന്ത്രി ജെ.ചിഞ്ചുറാണിയും പറഞ്ഞതോടെയാണിത്.
ഉദ്യോഗസ്ഥർ നൽകിയ കുറിപ്പ് അബദ്ധത്തിൽ മന്ത്രിസഭാ അജൻഡയിൽ ഉൾപ്പെടുത്തിയെന്നാണ് പറയുന്നത്.
പ്രശ്‌നത്തിൽ തർക്കമുണ്ടെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.രാജൻ പറഞ്ഞതിനോട് കൃഷി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരും യോജിച്ചതോടെ ഈ അജൻഡ മാറ്റി. രണ്ട് വകുപ്പും കൈയാളുന്ന സി.പി.ഐ മന്ത്രിമാരുടെ തീരുമാനമനുസരിച്ചാകും ഇനിയിത് പരിഗണിക്കുക. ഇരു സർവകലാശാലയിലെയും ജീവനക്കാർ കൈമാറ്റത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നതിനാൽ ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല. സി.പി.ഐ മുൻ സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ചർച്ച നടന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ലെന്നാണ് വിവരം.
ചില ഉദ്യോഗസ്ഥരുടെ നീക്കമാണ് വർഷങ്ങൾക്ക് മുമ്പ് മരവിച്ചു കിടന്ന ഭൂമി കൈമാറ്റ നീക്കത്തിന് ജീവൻ വയ്ക്കാൻ കാരണമെന്ന് കാർഷിക സർവകലാശാലാ അധികൃതർ പറയുന്നു. ഭൂമി കൈമാറാമെന്ന് മുഖ്യമന്ത്രി ഉറപ്പു തന്നിരുന്നുവെന്നാണ് വെറ്ററിനറി സർവകലാശാലാ അധികൃതരുടെ അവകാശവാദം. നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാരിന് അഭിവാദ്യമർപ്പിച്ച് അവർ പത്രക്കുറിപ്പും ഇറക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഭൂമി കൈമാറ്റത്തിന് ശ്രമിക്കുന്നതെന്ന് കാർഷിക സർവകലാശാലയിലെ ഇടതനുകൂല സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ അറിയാതെ വിഷയം മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ വന്നത് ദുരൂഹമാണെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.