
തൃശൂർ: ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷ പരിപാടികളുടെ സമാപനം 17ന് നടക്കും. നീഡ്‌സിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സമാപന പരിപാടികൾ വൈകിട്ട് 3.30ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരനെ ആദരിക്കും. മഹാത്മാ പാദമുദ്ര@ 90 എന്ന പേരിൽ കഴിഞ്ഞവർഷം ജനുവരി മുതലാണ് ഒരു വർഷം നീണ്ടുനിന്ന പരിപാടി തുടങ്ങിയത്. ഗാന്ധിജി പങ്കെടുത്ത ചെളിയാംപാടം സമ്മേളന സ്ഥലത്ത് നിന്ന് വിശ്രമിച്ച സ്ഥലത്തേക്ക് നടത്തിയ ഗാന്ധി പാദസ്പർശ സ്മൃതി യാത്ര, ചെളിയാംപാട സമ്മേളനത്തെ സ്മരിക്കുന്ന ചെളിയാംപാടം കുടുംബസംഗമം, ഗാന്ധിദർശനം റിപോർട്ട് ചെയ്ത പത്രങ്ങളുടെ കൈമാറ്റം, വിപുലമായ സെമിനാർ, സമ്മേളനം, ഗാന്ധിജയന്തി ആഘോഷം തുടങ്ങിയ പരിപാടികളാണ് ഒരു വർഷം നീണ്ടുനിന്ന ആഘോഷത്തോടനുബന്ധിച്ച് നടന്നത്. വാർത്താസമ്മേളനത്തിൽ നീഡ്‌സ് പ്രസിഡന്റ് അഡ്വ.തോമസ് ഉണ്ണിയാടൻ, എൻ.എ.ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ് എന്നിവർ സംബന്ധിച്ചു.