
തൃശൂർ: തേക്കിൻകാട് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുത്ത സമ്മേളന വേദിയിൽ ചാണകവെള്ളമൊഴിക്കാൻ ശ്രമിച്ച കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബി.ജെ.പി - യുവമോർച്ച പ്രവർത്തകർ തടഞ്ഞത് ഏറ്റുമുട്ടലിൽ കലാശിച്ചു. ഇരുഭാഗത്തും പരിക്കേറ്റു. പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
നായ്ക്കനാലിലെ വേദി അഴിച്ചു മാറ്റുമ്പോൾ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. മോദിക്കുള്ള സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നായ്ക്കനാലിലെ ആൽമരക്കൊമ്പും തേക്കിൻകാട്ടെ മരച്ചില്ലകളും മുറിച്ചുനീക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 'മാനിഷാദ' എന്ന പേരിൽ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായെത്തിയത്. വേദിക്ക് സമീപം ചാണകവെള്ളം തളിക്കാൻ കെ.എസ്.യു പ്രവർത്തകരുമെത്തി. വേദി അഴിച്ചുമാറ്റുന്നതിന് ബി.ജെ.പി പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നു. യൂത്ത് കോൺഗ്രസുകാരെ പൊലീസ് നായ്ക്കനാൽ കവാടത്തിന് മുന്നിൽ തടഞ്ഞു. ഇതോടെ വാക്കേറ്റവും ഉന്തും തള്ളുമായി. ഇരുസംഘവും കല്ലെറിഞ്ഞു. പന്തൽകാലുകളും വേദിയിലെ പട്ടികകളുമായി ബി.ജെ.പിക്കാരെത്തി. പൊലീസ് നോക്കിനിൽക്കെ അടി തുടങ്ങി.
സംഭവമറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിന്റെയും യുവമോർച്ച നേതാവ് പ്രഫുൽ കൃഷ്ണയുടെയും നേതൃത്വത്തിൽ പ്രവർത്തകരെത്തി. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പ്രധാനമന്ത്രിയുടെ കമാനത്തിന് താഴെ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ചാണകവെള്ളം തളിക്കാനും ശ്രമിച്ചു. ഇതിന് പൊലീസ് സഹായമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകരും പൊലീസുമായി വാക്കേറ്റമുണ്ടായി. എല്ലാത്തിനും പിന്നിൽ ടി.എൻ.പ്രതാപൻ എം.പിയാണെന്നും അദ്ദേഹത്തെ ചാണകവെള്ളത്തിൽ കുളിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഒരു പൊലീസുകാരന്റെ പേര് എടുത്തു പറഞ്ഞ് ഗോ ബാക്ക് വിളിക്കുകയും ചെയ്തു.