ചാലക്കുടി: മേലൂർ കൂവ്വക്കാട്ടുകുന്നിലെ കോഴിഫാമിൽ കുറുക്കൻമാരുടെ ആക്രമണം, 200 കോഴികൾ ചത്തു. കുവ്വക്കാട്ടുകുന്ന് മേച്ചേരി പോളിയുടെ 25 ദിവസം പ്രായമുള്ള കോഴികളാണ് ചത്തത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് കോഴി ഫാമിൽ കുറുക്കന്മാർ എത്തിയതെന്ന് കരുതുന്നു.
രാവിലെ അഞ്ചിന് കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയ പോളി മൂന്നു കുറുക്കന്മാരെ ഷെഡിനകത്ത് കണ്ടു. ആളനക്കം കേട്ടതോടെ ഇവ ഓടിരക്ഷപ്പെട്ടു. 5000 കോഴികളുള്ള രണ്ട് ഷെഡുകളാണ് ഫാമിലുള്ളത്. ഇതിലൊന്നിൽ മുൻഭാഗത്ത് ഗ്രിൽ ഇട്ടിരുന്നില്ല. ഇതിലൂടെയാണ് കുറുക്കന്മാർ അകത്തു കടന്നത്. 15 ദിവസം കൂടി കഴിഞ്ഞാൽ വിൽപ്പനയ്ക്ക് പാകമായ കോഴികളാണ് ചത്തത്. ഇവയുടെ പണം പോളിയുടെ കയ്യിൽ നിന്നും നഷ്ടപ്പെടും.
പരിസരത്തെ അഞ്ചു വീടുകളിൽ നാടൻ കോഴികളെയും കുറുക്കന്മാർ കഴിഞ്ഞ രാത്രിയിൽ വകവരുത്തിയിരുന്നു. പ്രളയത്തിനുശേഷം കൂവക്കാട്ടുകുന്ന് പ്രദേശത്ത് കുറുക്കന്മാരുടെ ശല്യം വ്യാപകമാണ്. ചെന്നായ, കാട്ടുപൂച്ച എന്നിവയുടെ ശല്യവുമുണ്ട്.