വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നാളെ വൈകിട്ട് 5.30ന് വടക്കാഞ്ചേരി താലൂക്ക് ഓഫീസ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കുമരനെല്ലൂർ വില്ലേജിലെ തെലുങ്കർ കോളനി, മുണ്ടത്തിക്കോട് കുംഭാര കോളനി നിവാസികൾക്കാണ് പട്ടയം വിതരണം ചെയ്യുന്നത്.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. എം.എൽ.എയുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലി യോഗങ്ങൾ ചേർന്ന് എല്ലാവരിലേക്കും പട്ടയങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരഗതിയിൽ നടന്നു വരികയാണ്.
രമ്യ ഹരിദാസ് എം. പി, കളക്ടർ വി. ആർ. കൃഷ്ണതേജ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി. എൻ. സുരേന്ദ്രൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, തലപ്പിള്ളി തഹസിൽദാർ എം.സി. അനുപമൻ, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.