ഇരിങ്ങാലക്കുട : നഗരസഭയിലെ സേവനങ്ങൾക്ക് അപേക്ഷ നൽകുന്നതിനോ സേവനങ്ങൾ സ്വീകരിക്കുന്നതിനോ നികുതി അടവാക്കുന്നതിനോ ഇനിമുതൽ നഗരസഭാ ഓഫീസിൽ വരേണ്ടതില്ല. വീട്ടിലിരുന്നുകൊണ്ടോ അക്ഷയ സെന്റർ മുഖേനയോ അപേക്ഷകൾ സമർപ്പിക്കുന്നതിനും സമർപ്പിക്കുന്ന അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ ഓൺലൈനായി അറിയുന്നതിനും ഇനി മുതൽ കഴിയും. അപേക്ഷകളും സേവനങ്ങളും സമർപ്പിച്ചാൽ കൈപ്പറ്റ് രസീത് വാട്‌സ് ആപ്പിലും ഇമെയിലിലും ലഭ്യമാകും. അപേക്ഷാ ഫീസുകളും നികുതികളും ഓൺലൈനായി അയച്ച് രസീത് ഓൺലൈനായി തന്നെ ലഭിക്കും. ഒരിക്കൽ നൽകിയ രേഖകൾ സ്വന്തം ലോഗിനിൽ സൂക്ഷിക്കപ്പെടുന്നതിനാൽ പിന്നീട് മറ്റാവശ്യങ്ങൾക്കായി അതേ രേഖകൾ സമർപ്പിക്കേണ്ടതില്ല. വിവാഹ രജിസ്‌ട്രേഷൻ നടത്തുന്നതിന് വിവാഹിതരായവർ നേരിട്ട് ഓഫീസിൽ ഹാജരാകേണ്ട സാഹചര്യവും ഇനിയില്ല. വീഡിയോ കെ.വൈ.സി വഴി വിദേശത്തിരുന്ന് പോലും വിവാഹ രജിസട്രേഷൻ നടത്തുന്നതിനും വിവാഹ സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ്, ഇൻഫർമേഷൻ കേരളാ മിഷൻ മുഖേന തയ്യാറാക്കിയ കെ-സ്മാർട്ട് അപ്ലിക്കേഷൻ വഴിയാണ് പുതിയ ഓൺലൈൻ സംവിധാനം നടപ്പാക്കുന്നത്. കെ- സ്മാർട്ടിന്റെ മൊബൈൽ ആപ്പിലൂടേയും സേവനങ്ങൾ ലഭ്യമാണ്. ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, ബിൽഡിംഗ് പെർമിറ്റ്, വസ്തു നികുതി, വിവിധ പരാതികൾ എന്നിവ ഓൺലൈനായി ചെയ്യാൻ കഴിയും. ജി.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടേയും കെട്ടിടങ്ങളുടേയും ഡിജിറ്റൽ വിവരങ്ങൾ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ലഭ്യമാകും. ''നോ യുവർ ലാൻഡ്'' എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമ്മിക്കാൻ കഴിയുക എന്ന വിവരം ജനങ്ങൾക്ക് ലഭിക്കും. വ്യാപാര ലൈസൻസുകൾ പുതുക്കുന്നതിന് ഫീസ് മാത്രം അടച്ചാൽ മതിയാകും. ഫീസ് അടച്ചാൽ ലൈസൻസ് അപ്പോൾ തന്നെ ലഭ്യമാകും. ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിച്ചും യു.പി.ഐ പേയ്‌മെന്റ് മുഖേനേയും നേരിട്ട് വീട്ടിലിരുന്ന് ഈപേയ്‌മെന്റ് സംവിധാനം മുഖേനെയും പണമടയ്ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. കെ-സ്മാർട്ട് അപ്ലിക്കേഷൻ മുഖേനേയുള്ള എല്ലാ സംവിധാനവും ഇരിങ്ങാലക്കുട നഗരസഭയിലും ലഭ്യമാക്കി കഴിഞ്ഞു. പുതിയ സംവിധാനത്തിൽ പ്രയാസം നേരിടാതിരിക്കാൻ വേണ്ടി നഗരസഭാ ഓഫീസിൽ സിറ്റിസെൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. ഈ സെന്ററിന്റേയും ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ ടി.വി. ചാർളി അദ്ധ്യക്ഷനായി.
പൗരകേന്ദ്രീകൃതവും ഇടനിലക്കാരില്ലാത്തതും സുതാര്യവും അഴിമതിരഹിതവുമായ സേവനത്തിന് ഈ സംവിധാനം പ്രയോജനപ്പെടും. നഗരസഭയിലേക്ക് സേവനത്തിന് വരുന്നവർ ആധാർ കാർഡും ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ കൊണ്ടുവരണം. ആധാർ ഇല്ലാത്തവർ പാൻ കാർഡ്, വോട്ടർ ഐ.ഡി.കാർഡ് എന്നിവ ഉപയോഗിക്കണം.
- എം.എച്ച്. ഷാജിക്ക്
(നഗരസഭാ സെക്രട്ടറി)