ഇരിങ്ങാലക്കുട : ഠാണ- ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയ അവസാനഘട്ടത്തിലേക്ക് കടന്നതായി മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു. സംസ്ഥാനപാതയിൽ കൊടുങ്ങല്ലൂർ- ഷൊർണൂർ റോഡിൽ ചന്തക്കുന്ന് മുതൽ പൂതംകുളം വരെയുള്ള ഭാഗം വീതി കൂട്ടിയാണ് ഠാണ-ചന്തക്കുന്ന് ജംഗ്ഷൻ വികസിപ്പിക്കുന്നത്. ഇതിനാവശ്യമായ സ്ഥലമേറ്റെടുക്കലിന് 41,86,13,821 രൂപ കഴിഞ്ഞ ദിവസം ട്രഷറിയിലെത്തിച്ചതിന് പിന്നാലെയാണ് നടപടിക്ക് ആക്കം കൂട്ടി ഗസറ്റ് വിജ്ഞാപനം.
ഏറ്റെടുക്കാൻ പോകുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരത്തുക സംബന്ധിച്ച അവകാശവാദം, അളവ് സംബന്ധിച്ച ആക്ഷേപം തുടങ്ങിയവ ഉന്നയിക്കാൻ 29, 30, 31 തീയതികളിൽ ഹിയറിംഗ് നടക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. ഈ ദിവസങ്ങളിൽ രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് മൂന്നര വരെ തൃശൂർ ലാൻഡ് അക്വീസിഷൻ (ജനറൽ) തഹസിൽദാറാണ് ഹിയറിംഗ് നടത്തുക. തൃശൂരിലെത്തി ഹിയറിംഗിൽ പങ്കെടുക്കുന്നതിലെ അസൗകര്യം ഒഴിവാക്കാൻ മുകുന്ദപുരം താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാകും ഹിയറിംഗ്. ഇതിന് സൗകര്യമൊരുക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശ്ശേരി വില്ലേജുകളിൽപ്പെട്ട 0.7190 ഹെക്ടർ ഭൂമിയാണ് ഠാണ- ചന്തക്കുന്ന് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കൾക്ക് തുക കൈമാറുന്നതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു.