കൊടുങ്ങല്ലൂർ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരിലെ ചന്തപ്പുര-കോട്ടപ്പുറം ബൈപാസ് അടച്ചതോടെ വാഹന യാത്ര ദുഷ്‌കരമായി. ബൈപ്പാസിലൂടെ കടന്നു പോയിരുന്ന വാഹനങ്ങളെല്ലാം നഗരത്തിലൂടെ കടത്തിവിട്ടതോടെ നഗരം അക്ഷരാർത്ഥത്തിൽ തിരക്കിന്റെ പിടിയിലമർന്നു. പാലിയേക്കരയിലെ അമിതമായ ടോൾപ്പിരിവിൽ നിന്നും രക്ഷപ്പെടുന്നതിനായി വലിയ ചരക്കുവാഹനങ്ങൾ കൊടുങ്ങല്ലൂർ നഗരം വഴിയാണ് കടന്നുപോകുന്നത്. ഭാരം കയറ്റിയ കണ്ടെയ്‌നർ ലോറികളും ട്രൈലറുകളും നഗരത്തിലെ വീതി കുറഞ്ഞ റോഡുകളിലൂടെ കടന്നുപോകുമ്പോൾ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയാണ്. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവരുൾപ്പടെയുള്ള അയ്യപ്പഭക്തരുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത അധികൃതരും നിർമ്മാണക്കരാറുകാരും തന്നിഷ്ടപ്രകാരം ഓരോ ദിവസവും യാതൊരു മുന്നറിയിപ്പുമില്ലാതെ വ്യത്യസ്തമായ റോഡുകളിലൂടെ വാഹന ഗതാഗതം തിരിച്ചുവിടുന്നതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം പരിഷ്‌കാരങ്ങൾ നഗരസഭ അധികൃതരും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും അറിയുന്നുമില്ല. കൊടുങ്ങല്ലൂർ താലപ്പൊലിയോടനുബന്ധിച്ചുള്ള തിരക്ക് കൂടി വരുന്നതോടെ നഗരം സ്തംഭിക്കുമെന്നുറപ്പാണ്. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസ് ഇല്ലാതായതോടെ ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണുള്ളത്.