solar

തൃശൂർ: കാർബൺ ന്യൂട്രൽ നാടിനായി അരിമ്പൂർ പഞ്ചായത്ത് ഒരുക്കിയ സൗരോർജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റിന്റെ ഉദ്ഘാടനം ജനുവരി 6 ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ഉദ്ഘാടനച്ചടങ്ങ്. ഒരു പഞ്ചായത്ത് അനുബന്ധ ഓഫീസ് കെട്ടിടത്തിൽ ഒരുക്കുന്ന ഏറ്റവും വലിയ ഊർജ്ജ ഉൽപാദന യൂണിറ്റാകും അരിമ്പൂരിലേത്. ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ.പ്രതാപൻ എം.പി മുഖ്യാതിഥിയാകും. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലും അനുബന്ധ കെട്ടിടമായ കുടുംബശ്രീ ഓഫീസിലുമായാണ് പ്ലാന്റ് ഒരുക്കിയത്. ഇരുകെട്ടിടങ്ങളിലായി 102 പാനൽ സ്ഥാപിച്ച് 55 കിലോവാട്ട് വൈദ്യുതി ദിനംപ്രതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. 2022-23 വർഷത്തെ മുഴുവൻ തുകയായ 46.81 ലക്ഷം രൂപ ചെലവഴിച്ച് അനെർട്ട് മുഖേന തൃശൂരിലെ ബിങ്കാസ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് ആൻഡ് സോളാർ സിസ്റ്റം എന്ന സ്ഥാപനമാണ് നിർമ്മാണം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എൻ.സുർജിത്ത്, ജിമ്മി ചൂണ്ടൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവകുമാർ, കെ.സിദ്ദിഖ്, അരുൺ രംഗൻ, എം.എ.ഷാജു തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി.സജീഷ്, കെ.കെ.ഹരിദാസ് ബാബു, കെ.രാഗേഷ്, ഷിമി ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദിനംപ്രതി ഉത്പാദനം 55 കിലോവാട്ട്

സ്ഥാപിച്ചത് 102 പാനലുകൾ

ചെലവ് 46.81 ലക്ഷം