boat-

തൃശൂർ: കായലുകളിൽ സഞ്ചരിക്കുന്ന ബോട്ട് ഉപയോഗിച്ച്, യാത്രക്കാരുടെ ജീവൻ പന്താടുന്ന ഉല്ലാസബോട്ടുകൾ തൃശൂരിന്റെ കടലോരങ്ങളിലും. കഴിഞ്ഞദിവസം കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു പിഴ ചുമത്തി. ഇതോടെ കർശനനിരീക്ഷണവും തുടങ്ങി.
കേരളത്തിൽ ഈയടുത്തകാലത്താണ് അനധികൃതമായ ഉല്ലാസയാത്ര സജീവമാകുന്നത്. തൃശൂരിൽ പിടികൂടുന്നതും ആദ്യമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അഴീക്കോട് നിന്ന് പുറപ്പെട്ട എങ്ങണ്ടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇരുനില ഉല്ലാസ നൗക യാതൊരു വിധ അനുമതി പത്രമോ രേഖകളോ ഇല്ലാതെയാണ് കടലിലൂടെ സഞ്ചരിച്ചത്. ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ കടലിലൂടെ നീങ്ങുന്ന ഉല്ലാസ നൗക ശ്രദ്ധയിൽപെട്ട ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് പട്രോൾ സംഘം തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു.


അഴീക്കോട് പോർട്ട് കൺസർവേറ്ററുടെ അനുമതിയോ, അഴീക്കോട്, മുനയ്ക്കകടവ് കോസ്റ്റൽ പൊലീസ് സ്‌റ്റേഷൻ അധികാരികളുടെ അറിവോ സമ്മതപത്രമോ രേഖയോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ മേയിൽ സുരക്ഷാ സംവിധാനമില്ലാതെ അനധികൃതമായി കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ഒൻപതംഗ സംഘവുമായി കടലിൽ ഉല്ലാസ സവാരി നടത്തിയ മത്സ്യബന്ധന ബോട്ട് വിഴിഞ്ഞം തീരദേശ പൊലീസ് പിടികൂടിയിരുന്നു. ശക്തമായ കാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്തായിരുന്നു അനധികൃത ഉല്ലാസ യാത്ര.

രാജ്യസുരക്ഷയ്ക്കും ഭീഷണി

മനുഷ്യജീവന് മാത്രമല്ല രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ് കടലിലൂടെ സഞ്ചരിക്കാൻ പ്രാപ്തമല്ലാത്ത, ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന ഇത്തരം കെട്ടുവള്ളങ്ങളെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സാറ്റലെറ്റ് നീരിക്ഷണ കാമറയിൽ പതിഞ്ഞ നൗകയെ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ ഹെലികോപ്‌റ്ററെത്തി പരിശോധിച്ചിരുന്നു. അഴീക്കോട് പോർട്ട് ഓഫീസിന്റെ അനുമതിയില്ലാതെ കടലിലൂടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകും വിധം സഞ്ചരിച്ചുവന്ന ഉല്ലാസനൗക മത്സ്യബന്ധന യാനമല്ലാത്തതിനാൽ കൊടുങ്ങല്ലൂർ പോർട്ട് കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകുകയും പിഴ ഒടുക്കി ഉല്ലാസ നൗക ഉടമയ്ക്ക് വിട്ടു കൊടുക്കുകയും ചെയ്തു.

അന്വേഷണത്തിന് പ്രത്യേകസംഘം

സുരക്ഷാ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഇ.ഡി.ലിസിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗിലെ ഉദ്യോഗസ്ഥരായ ഇ.ആർ.ഷിനിൽകുമാർ , വി.എ.പ്രശാന്ത് കുമാർ , വി.എം.ഷൈബു , സീ റെസ്‌ക്യൂ ഗാർഡ്മാരായ ഷെഫീക്ക് , പ്രമോദ് ,ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ കെ.എം.അഷറഫ് എന്നിവർ സംഘത്തിലുണ്ട്.

വരുംദിവസങ്ങളിൽ പരിശോധ ശക്തമാക്കും. ആധാർ അടക്കമുള്ള രേഖകൾ പരിശോധിക്കും.

കെ.വി.സുഗന്ധ കുമാരി
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.