
തൃശൂർ: ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന്, കാർഷിക സർവകലാശാലയിലെ ഫാം ഓഫീസർ തസ്തികയിൽ സ്ഥിരനിയമനം നടന്നിട്ട് 13 വർഷം. 241 ഫാം ഓഫീസർമാരുടെ ഒഴിവാണുള്ളത്.
2010ൽ അന്നുണ്ടായിരുന്ന 72 ഒഴിവ് നികത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് സ്ഥിരനിയമനത്തിന് തടസമെന്നാണ് സൂചന. ഫാം ഓഫീസറുടെ യോഗ്യത ഡിപ്‌ളോമയിൽ നിന്ന് ഡിഗ്രിയായി ഉയർത്തിയതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെച്ചൊല്ലിയും ധനവകുപ്പ് ഫയൽ തടഞ്ഞെന്നാണ് വിവരം. അതേസമയം നിയമനം നടത്തിയേ പറ്റൂവെന്ന നിലപാടിലാണത്രേ കൃഷിമന്ത്രി. കാർഷിക സർവകലാശാലയുടെ മണ്ണുത്തി സെയിൽസ് കൗണ്ടറിൽ വിവിധ ആവശ്യങ്ങൾക്ക് പ്രതിദിനം 500 ഓളം കർഷകരെത്താറുണ്ട്. താത്കാലികമായി നിയമിച്ച ഫാം ഓഫീസർമാർക്ക് തൊഴിലാളികളെ ജോലി ചെയ്യിക്കുന്നതിൽ പരിമിതികളുണ്ടത്രേ. വിത്ത്, നടീൽ വസ്തുക്കൾ വേണ്ടത്ര ഉത്പാദിപ്പിക്കാൻ കഴിയാത്തതിനാൽ കർഷകർക്ക് ഇവ ലഭിക്കുന്നില്ല. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ സർക്കാർ ആവശ്യപ്പെട്ട നടീൽ വസ്തുക്കളിൽ പലതും ഏറ്റെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യം കൃഷിവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും സ്ഥിരം ഫാം ഓഫീസറില്ലാത്തത് തടസമാകുന്നു.
ബി.എസ്.സി അഗ്രിക്കൾച്ചറാണ് ഫാം ഓഫീസർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യത. പ്രതിവർഷം 230 ഓളം പേർ ഈ കോഴ്‌സ് കഴിഞ്ഞിറങ്ങുന്നുണ്ട്. സീറ്റ് കൂട്ടിയതിനെ തുടർന്ന് ഇനി 500ൽ അധികമുണ്ടാകും. നിയമനമില്ലാത്തതിനാൽ ഇവർക്ക് തൊഴിലവസരമില്ല.
ഉത്പാദനം കൂട്ടാം
സാമ്പത്തിക ഞെരുക്കത്തിൽപെട്ട് സർവകലാശാല നട്ടം തിരിയുമ്പോഴാണ് ഫാമുകൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താത്തത്. കാര്യക്ഷമമായി കൃഷി ചെയ്താലുണ്ടാകുന്ന ഉത്പാദന വർദ്ധനവിലൂടെ പ്രതിവർഷം 200 കോടി വരുമാനവുമുണ്ടാക്കാം. നിലവിലുള്ളതനേക്കാൾ 75 ശതമാനം കൂടുതൽ ഉത്പാദിപ്പിക്കാനുമാവും.
ഫാം വരുമാനം
2022ൽ 6.16 കോടി
2021ൽ 5.35 കോടി