ചേർപ്പ് : കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ പെരുമ്പിള്ളിശ്ശേരി-അമ്മാടം റോഡിലെ കാനകൾ നിറഞ്ഞ് മാലിന്യങ്ങൾ റോഡിലേക്ക് പരന്ന നിലയിൽ. ആഴം കുറഞ്ഞതിനാലും മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നതിനാലും കനത്ത മഴയിൽ കാനകൾ അതിവേഗം നിറയുകയും കാനകളിലെ മാലിന്യങ്ങൾ റോഡിലേക്ക് പരന്നൊഴുകുകയുമായിരുന്നു. ചീഞ്ഞളിഞ്ഞ ഇലകളും പ്ലാസ്റ്റിക് ചാക്കുകളും റോഡിന് നടുവിലായതോടെ യാത്രക്കാർക്ക് വാഹനയാത്രയും ദുരിതപൂർണമായി. പെരുമ്പിള്ളിശ്ശേരി അമ്മാടം വഴി പ്രവേശിക്കുന്ന സ്ഥലത്ത് പി.ഡബ്ല്യു.ഡി റോഡിൽ മരക്കമ്പനിയുടെ സമീപത്തായി തട്ടുക്കടക്കാരൻ മാലിന്യങ്ങൾ കടയുടെ പിന്നിലെ തോടിൽ തള്ളുന്നതായും പരാതിയുണ്ട്. കാനകൾ ശുചീകരിച്ച് വെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്നതിന് പഞ്ചായത്ത് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.