
തൃശൂർ : വെറ്ററിനറി സർവകലാശാലയിലെ വെറ്ററിനറി വിദ്യാർത്ഥികളുടെ കാന്റീൻ അടച്ചു പൂട്ടിയിട്ട് അമ്പത് ദിവസം. നട്ടം തിരിഞ്ഞ് നൂറുക്കണക്കിന് വിദ്യാർത്ഥികൾ. അധികൃതരുടെ പിടിപ്പുകേടാണ് കാന്റീൻ അടച്ചുപൂട്ടലിലേക്ക് വഴിവച്ചതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു.
മെസിന്റെ ചാർജ്ജുള്ള ഉദ്യോഗസ്ഥർ തുക പിരിച്ചെടുക്കുന്നതിൽ വരുത്തിയ ഗുരുതര പിഴവാണ് പ്രതിസന്ധിയിലേക്ക് ഇടയാക്കിയെന്നും ഇവർ പറയുന്നു. പതിനെട്ട് ലക്ഷത്തോളം രൂപയുടെ കുടിശിക വന്നതിനെ തുടർന്നാണ് കാന്റീൻ അടച്ചത്. ഇതോടെ ദിവസവും വലിയ വില കൊടുത്ത് ഭക്ഷണം കഴിക്കേണ്ട അവസ്ഥയിലാണ്. ദിവസവും എഴുന്നൂറോളം പേരാണ് കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്. വിദ്യാർത്ഥികളിൽ നിന്നും സർക്കാരിൽ നിന്നും മെസ് ഇനത്തിൽ ലഭിക്കാനുള്ള തുകയും കിട്ടാതായതോടെയാണ് പ്രവർത്തനം നിലച്ചത്.
ഇത്രയും തുക കുടിശികയാകുന്നത് വരെ പി.ടി.എ അടക്കമുള്ളവരെ വിവരം അറിയിക്കാതെ മൂടി വച്ചതാണ് ഇത്രയും വലിയ പ്രതിസന്ധിക്ക് ഇടയാക്കിയത്. വിദ്യാർത്ഥികളും അധികൃതരും ചേർന്നുള്ള കമ്മിറ്റിയാണ് കാന്റീൻ തൊഴിലാളിയെ വച്ച് നടത്തിയിരുന്നത്. ഇതിൽ എട്ട് ലക്ഷത്തോളം രൂപ പട്ടികജാതി, ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് സർക്കാർ മെസ് ഇനത്തിൽ നൽകേണ്ട തുകയാണെന്ന് പറയുന്നു.
ബാക്കി തുക വിദ്യാർത്ഥികളിൽ നിന്ന് ലഭിക്കാനുള്ളതാണ്. പതിനെട്ട് ലക്ഷം രൂപയിൽ ഡയറി ഫാം വിഭാഗത്തിലെ വിദ്യാർത്ഥികളുടെ മൂന്ന് ലക്ഷത്തോളം രൂപയുടെ കുടിശിഖയുണ്ട്. നവംബർ പകുതിയോടെയാണ് കാന്റീൻ പൂട്ടിയത്. എന്നാൽ കുടിശികയിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയിൽ നാല് ലക്ഷത്തോളം രൂപ ലഭിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ കുടിശികയിൽ നിന്നുള്ളത് ഒരു പരിധി വരെ ലഭിച്ചതായും പറയുന്നു.
എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കുടിശിക പിടിച്ചെടുക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്ന പലർക്കും വയറുസംബന്ധമായ അസുഖങ്ങളും പിടിപെടുന്നതായി പറയുന്നു. രക്ഷിതാക്കൾ പലതവണ ഡീൻ അടക്കമുള്ളവരോട് കാന്റീൻ തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല.
കാന്റീൻ തുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയും നീണ്ടുപോയാൽ മറ്റ് നടപടികളിലേക്ക് രക്ഷിതാക്കൾക്ക് കടക്കേണ്ടി വരും.
ശാലിൻ
പ്രസിഡന്റ്
പി.ടി.എ.