
തൃശൂർ: ഹയർ സെക്കൻഡറി മലയാള അദ്ധ്യാപക സമിതിയുടെ നേതൃത്വത്തിൽ മലയാളം വിദ്യാർത്ഥികൾ നൽകുന്ന ഗുരുദക്ഷിണ പുരസ്‌കാരത്തിന് എഴുത്തുകാരൻ കെ.പി.രാമനുണ്ണി അർഹനായി. ഹയർ സെക്കൻഡറി മലയാളം വിദ്യാർത്ഥികളിൽ നിന്നും ഒരു രൂപ വീതം സ്വരൂപിച്ചുണ്ടാക്കിയ 10,001 രൂപയുടെ പുരസ്‌കാരം പത്തിന് രാവിലെ പത്തിന് സാഹിത്യ അക്കാഡമി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ വിദ്യാർത്ഥികൾ കെ.പി.രാമനുണ്ണിക്ക് സമ്മാനിക്കും. മലയാള പാഠപുസ്തകങ്ങളിലെ എഴുത്തുകാരിൽ കൂടുതൽ വിദ്യാർത്ഥികൾ നിർദ്ദേശിക്കുന്നയാൾക്കാണ് പുരസ്‌കാരം നൽകുന്നത്. മലയാള മഹോത്സവം സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ഡോ.എസ്.കെ.വസന്തനെ ആദരിക്കും. വിദ്യാർത്ഥികൾക്ക് മലയാളതിലകപട്ടം നൽകും. പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ മലയാളം അദ്ധ്യാപക ഷീല തോമസിനുള്ള യാത്രഅയപ്പും എറണാകുളം ആർ.ഡി.ഡി കെ.എ.വഹീദ നിർവഹിക്കും.