
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച വേദിക്ക് സമീപം ചാണക വെള്ളം തളിച്ച കെ.എസ്.യു സമരത്തെ തള്ളിപ്പറഞ്ഞ് ടി.എൻ. പ്രതാപൻ എം.പി. കെ.എസ്.യു ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന സമരരീതിയോട് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് കോൺഗ്രസിന്റെ സമരരീതിയല്ല. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്റെ ശിങ്കിടികളാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയും പ്രതാപൻ പ്രതികരിച്ചു. തനിക്ക് പി.എഫ്.ഐ പ്രവർത്തകരുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ അദ്ദേഹം സുരേന്ദ്രനെ വെല്ലുവിളിച്ചു. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകൾക്ക് താൻ എതിരാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭീഷണിയിൽ ഭയപ്പെടുന്നയാളല്ല താൻ. യൂത്ത് കോൺഗ്രസിന്റെ മാനിഷാദ സമരം മരം മുറിക്കെതിരെയായിരുന്നു. തന്റെ മതനിരപേക്ഷതയ്ക്ക് കെ. സുരേന്ദ്രന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.വി.തോമസിന്
പ്രൈവറ്റ് സെക്രട്ടറി
തിരുവനന്തപുരം: ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.
കെ.വി. തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. ഡൽഹിയിൽ താമസിക്കുന്ന അഡ്വ. കെ. റോയ് വർഗീസിനെയാണ് നിയമിച്ചത്.
പ്രൈവറ്റ് സെക്രട്ടറി തസ്തികയില്ലാത്തതിനാൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം. കരാർ നിയമനമാണ്. 44,020 രൂപയാണ് പ്രതിമാസ ശമ്പളം. വാഹനം, ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ കെ.വി.തോമസിന് രണ്ട് അസിസ്റ്റന്റ് , ഒരു ഓഫീസ് അറ്റന്റന്റ്, ഒരു ഡ്രൈവർ എന്നിങ്ങനെ ജീവനക്കാർ നിലവിലുണ്ട്.