ചെന്ത്രാപ്പിന്നിയിലെ അശാസ്ത്രീയമായ കാന നിർമ്മാണത്തിനെതിരെ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം.
ചെന്ത്രാപ്പിന്നി : ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ചെന്ത്രാപ്പിന്നിയിൽ തോട് നികത്തുന്നതിനെതിരെ പ്രതിഷേധവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. വെള്ളം ഒഴുകിപ്പോകാൻ ബദൽ സംവിധാനമൊരുക്കാത്ത അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന പാലപ്പെട്ടി-ചെന്താപ്പിന്നി ബൈപ്പാസിനായി ഏറ്റെടുത്ത സ്ഥലത്തെ തോടാണ് അധികൃതർ നികത്തുന്നത്. ഒരു വർഷം മുമ്പ് പണിയാരംഭിച്ച ബൈപ്പാസിൽ തോട് നികത്തിയ സ്ഥലത്ത് മതിയായ വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ് സംവിധാനം ഒരുക്കിയിരുന്നില്ല. ഇതുമൂലം മഴയിൽ പ്രദേശത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ജനപ്രതിനിധികൾ ദേശീയപാത അധികൃതരുമായി സംസാരിച്ചതോടെ നികത്തിയ തോടുകൾ തുറന്ന് പ്രശ്‌നം താത്കാലികമായി പരിഹരിച്ചിരുന്നു. കഴിഞ്ഞ ദിവസം ജനപ്രതിനിധികളെ അറിയിക്കാതെ വീണ്ടും ഇവിടെ തോട് നികത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ചെന്ത്രാപ്പിന്നി വില്ലേജിന് വടക്ക് കിഴക്ക് ഭാഗത്തായി പാലപ്പെട്ടി മുതൽ ഹൈസ്‌കൂൾ റോഡ് വരെയുള്ള പ്രദേശം പൊതുവെ വെള്ളക്കെട്ട് രൂക്ഷമാകുന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ അശാസ്ത്രീയമായ കാന നിർമ്മാണം മേഖലയിൽ ദുരിതം ഉണ്ടാക്കുമെന്ന് നാട്ടുകാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാനയുടെ വീതിയും ആഴവും കൂട്ടിയാൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു പറയുന്നത്. മൂന്ന് മീറ്റർ വീതിയിൽ ഡ്രൈനേജ് സംവിധാനം ഒരുക്കണമെന്നും നാല് മീറ്റർ വീതിയിലും ആഴത്തിലും കൾവർട്ട് നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ, വികസനകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ പി.ആർ. നിഖിൽ, പഞ്ചായത്ത് അംഗങ്ങളായ ഹേന രമേഷ്, വി.വി. ജയൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.