
തിരുവില്വാമല: ക്ളാസെടുക്കുന്നതിനിടെ സർക്കാർ സ്കൂളിന്റെ മേൽക്കൂരയുടെ സീലിംഗ് തകർന്നു. കുട്ടികൾ ഇരുന്നിടത്ത് വീഴാത്തതിനാൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 10.30നാണ് തിരുവില്വാമല കാട്ടുകുളം ജി.എൽ.പി സ്കൂളിന്റെ പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയുടെ സീലിംഗ് അടർന്നത്.
അപകടത്തിന് കുറച്ച് മുമ്പു വരെ കുട്ടികൾ ആ ഭാഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയിൽ പൊട്ടിയ ഓടിലൂടെ വെള്ളം സീലിംഗിൽ വീണ് കുതിർന്നതാണ് അപകട കാരണം. കാലപ്പഴക്കമുള്ള കെട്ടിടം നവീകരിക്കണമെന്ന ആവശ്യമുണ്ടെങ്കിലും പുതുക്കി പണിയാൻ ഫണ്ടനുവദിച്ചിരുന്നില്ല.
പത്തനംതിട്ട ജന. ആശുപത്രിയിൽ
മേൽക്കൂര അടർന്നുവീണു
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധന്റെ മുറിയിലെ മേൽക്കൂരയുടെ കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നതായി പരാതി. ഡോക്ടറെ കാണാൻ കാത്തിരിക്കുന്നവരുടെ തലയിലേക്കാണ് ഇത് വീഴുന്നത്. ഭിത്തിയിൽ നിന്നു സിമെന്റ് പാളികളും വീഴുന്നുണ്ട്. ഡോക്ടറുടെയും നഴ്സുമാരുടെയും മുറിയിലും ഇതുതന്നെയാണ് അവസ്ഥ. പ്രായമായ രോഗികളാണ് ഇവിടെയെത്തുന്നതിൽ ഭൂരിഭാഗവും. ജീവനക്കാരോട് രോഗികൾ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ഇടുങ്ങിയ ഇടനാഴിയിലൂടെ പടികയറിയാണ് ഡോക്ടറുടെ മുറിയിലെത്തേണ്ടത്. പുറത്തെ കുടുസു മുറിയിലാണ് രോഗികൾ കാത്തിരിക്കുന്നത്. ഇവിടെ ഇരിപ്പിടവും കുറവാണ്. നവീകരണത്തിന്റെ ഭാഗമായി ഈ പഴയ കെട്ടിടം പൊളിച്ച് നിർമ്മിച്ചേക്കുമെന്നാണ് സൂചന.
കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നുണ്ട്. കസേരയിലിരുന്ന ഒരു അപ്പൂപ്പന്റെ തലയിൽ വീണപ്പോൾ അദ്ദേഹം മാറി ഇരുന്നു. ഡോക്ടറുടെ മുറിയിലും മറ്റും അടർന്ന ഭാഗം സിമന്റ് കൊണ്ട് തേച്ചിട്ടുണ്ട്. രോഗികളോട് എന്തും ആകാമെന്ന അവസ്ഥയാണ്.
അനിൽ ഏബ്രഹാം
(രോഗിയോടൊപ്പം വന്നയാൾ)