
തൃശൂർ: വയനാടൻ കാടുകളിൽ നിന്ന് പുതിയ തുമ്പിയിനത്തെ കണ്ടെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകർ. പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ്, വയനാട്ടിലെ ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി അംഗങ്ങളായ പി.കെ. മുനീർ, എം. മാധവൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സൗത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള വെള്ളരിമലയിൽ നിന്നാണ് ശാസ്ത്രത്തിന് ഇതുവരെ പരിചിതമില്ലാത്ത തുമ്പിയെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്നും 1350 മീറ്റർ ഉയരെ നിബിഡ വനദ്രേശത്ത് ചെറുനീർച്ചാലുകളുടെ ഓരത്തുള്ള ചെടികളിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കാലവർഷത്തിന്റെ തുടക്കമായ മേയ്, ജൂൺ മാസങ്ങളിൽ മാത്രമാണ് ഈ തുമ്പിയെ കാണാനായത്. മറ്റ് കാലങ്ങളിൽ ലാർവയായി ജലത്തിൽ കഴിയുന്നുണ്ടാകാമെന്നാണ് നിഗമനം.
വെള്ളരിമലയ്ക്ക് പുറമെ നിരവധി ടൂറിസ്റ്റുകൾ ചെന്നെത്താറുള്ള തൊള്ളായിരംകണ്ടിയിലും ഈയിനം തുമ്പിയെ കണ്ടിട്ടുള്ളതായി ഗവേഷകർ പറഞ്ഞു. നിഴൽത്തുമ്പി വിഭാഗത്തിൽപ്പെടുന്ന ഇതിലെ ആണിനും പെണ്ണിനും വ്യത്യസ്ത നിറങ്ങൾ ആയതിനാൽ 'പ്രോട്ടോസ്റ്റിക്റ്റ സെക്‌സ്‌കളറാറ്റസ്' എന്നാണ് ശാസ്ത്രനാമം കൊടുത്തിട്ടുള്ളത്. ആൺത്തുമ്പിക്ക് കറുപ്പിൽ നീലയുടെ പല ഛായകളുള്ളപ്പോൾ പെൺത്തുമ്പിക്ക് കറുപ്പിൽ മഞ്ഞ നിറമാണ്. ഈ വിഭാഗത്തിലെ മറ്റ് തുമ്പികളെ അപേക്ഷിച്ച് കൂടുതൽ വർണശബളമായതിനാൽ മലയാളത്തിൽ ഗവേഷകർ വർണനിഴൽത്തുമ്പിയെന്ന് പേരിട്ടു. പിൻകഴുത്തിലെയും ഉദരത്തിനറ്റത്തുള്ള ചെറുവാലുകളിലെയും വ്യത്യാസങ്ങൾ വച്ച് വർണനിഴൽത്തുമ്പിയെ മറ്റ് നിഴൽത്തുമ്പികളിൽ നിന്ന് തിരിച്ചറിയാം. ഗവേഷണഫലം ജേർണൽ ഒഫ് ഏഷ്യ പസിഫിക് ബയോഡൈവേഴ്‌സിറ്റി എന്ന അന്താരാഷ്ട്ര ജേർണലിൽ ഓൺലൈനായി പ്രസിദ്ധീകരിച്ചു.
പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തുന്ന പതിനാറാമത് നിഴൽത്തുമ്പി ഇനമാണിത്. പരിസ്ഥിതി പ്രാധാന്യമുള്ള ഇവയെ സംരക്ഷിക്കണം.
-വിവേക് ചന്ദ്രൻ
കാപ്ഷൻ..........
വർണനിഴൽത്തുമ്പി (ആൺ)
വർണനിഴൽത്തുമ്പി (പെൺ)