ch
കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത മഴയിൽ ചാഴൂർ കിള കോൾപ്പടവിലേക്ക് തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകുന്ന നിലയിൽ.

ചേർപ്പ്: കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷത മഴയെത്തുടർന്ന് ചാഴൂർ കിള കോൾപ്പടവിൽ നൂറ് ഏക്കർ നെൽക്കൃഷി വെള്ളം കയറി നശിച്ചു. കരുവന്നൂർ പുഴയിൽ വെള്ളം ക്രമാതീതമായി വർദ്ധിച്ചത് മൂലം കിള കോൾപ്പടവിലെ ബണ്ടും തകർന്ന നിലയിലായി. ജൂബിലി തേവർക്കടവ്, ഇഞ്ചമുടി തരിശു പണ്ടാരൻകോൾ, എരുമക്കുഴി കോൾ പുറത്തുംപടവ്, എട്ടുമന മാമ്പിള്ളിപ്പടവ് എന്നിവിടങ്ങളിലെ 3000 ഏക്കറോളം വരുന്ന പടവുകളിൽ വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. 40 ദിവസം മുമ്പാണ് പടവുകളിൽ കൃഷി ആരംഭിച്ചത്. വ്യാഴാഴ്ച രാത്രി പെയ്ത മഴയെത്തുടർന്ന് ചിമ്മിനി ഡാമിൽ നിന്ന് വരുന്ന വെള്ളം പുഴയിൽ ഉയരുകയും ഇന്നലെ ഉച്ചയോടെ പുഴയിൽ നിന്ന് വെള്ളം ബണ്ടിന് മുകളിലൂടെ ഒഴുകാനും തുടങ്ങി. ഇത് മൂലം എട്ടുമന കെ.എൽ.ഡി.സി കനാലിന് സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം കയറി. എട്ടുമന ഇല്ലിക്കൽ ഡാം അടിയന്തരമായി തുറന്നു വിടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.