
ചാലക്കുടി: പ്ലാന്റേഷൻ കോർപ്പറേഷന്റെ വെറ്റിലപ്പാറ മേഖലയിൽ കാട്ടാനകളിറങ്ങി ഫാക്ടറിക്ക് സമീപത്തെ മൂന്ന് വീടുകൾ ഭാഗികമായി നശിപ്പിച്ചു. ഷീജ എന്ന തൊഴിലാളിയുടെ വീട്ടിൽ ആനകളുടെ ആക്രമണം നടക്കുമ്പോൾ ആളുണ്ടായിരുന്നു. മുൻഭാഗമാണ് ആനകൾ തകർത്തത്. ലയത്തിന്റെ പിൻഭാഗത്തെ മുറിയിൽ നിന്നുകൊണ്ട് ഷീജയും രണ്ട് മക്കളും ഒച്ചവച്ചു. ഇതോടെ ആനക്കൂട്ടം പിൻവാങ്ങി. തൊട്ടടുത്ത ആൾത്താമസമില്ലാത്ത രണ്ട് ലയങ്ങളിലും ആനകൾ നാശനഷ്ടമുണ്ടാക്കി. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. ഇവിടെ ആറ് ലയങ്ങളിൽ മാത്രമാണ് ആൾതാമസം. ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ഇവിടുത്തെ തൊഴിലാളികളോട് 2018 മുതൽ മാറിത്താമസിക്കാൻ കോർപറേഷൻ അധികൃതർ നിർദ്ദേശിച്ചിരുന്നു.