മാള: കുഴൂരിലെ കൃഷിയിടങ്ങളിൽ പുത്തനുണർവായി ഡ്രോൺ സ്‌പ്രേ പ്രദർശനം. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ ഭാഗമായി കൃഷി വിജ്ഞാൻ കേന്ദ്ര, എഫ്.എസി.ടി എന്നിവയുടെ നേതൃത്വത്തിൽ കുഴൂർ പഞ്ചായത്ത് കൃഷിഭവൻ പരിധിയിലുള്ള ജോസഫ് പാറശ്ശേരിയുടെ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ച് നാനോ യൂറിയ സ്‌പ്രേ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് കുഴൂർ പഞ്ചായത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്‌പ്രേ നടത്തുന്നത്. സാധാരണ നിലയിൽ ഏക്കറിന് 100 ലിറ്റർ സ്‌പ്രേ സൊല്യൂഷൻ വേണ്ടയിടത്ത് 800 മില്ലി നാനോ യൂറിയ 11 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരു ഏക്കർ നെൽവയലിൽ വെറും എട്ട് മിനിറ്റ് കൊണ്ട് സ്‌പ്രേ ചെയ്യാം. ഒരു ഏക്കറിന് 700 രൂപയാണ് ഇതിന് വരുന്ന ചെലവ്. കൃത്യമായി ഒരു ഏരിയ മാപ്പ് ഉപയോഗിച്ച് ജിയോ ഫെൻസിംഗ് ചെയ്തു സ്‌പ്രേ ചെയ്യാം. രാസവളങ്ങളുടെ അമിത പ്രയോഗം ഇതുമൂലം തടയാൻ സാധിക്കും. അധികമായി മണ്ണിൽ ഉപയോഗിക്കുന്ന രാസവളം സമീപപ്രദേശത്തെ ജലസ്രോതസ്സിലും മറ്റുമായി അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന വിപത്തുകളും ഇത്തരത്തിലുള്ള ഡ്രോൺ സ്‌പ്രേ മൂലം ഒഴിവാക്കാൻ സാധിക്കും.