tn

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത സ്ത്രീശക്തി സംഗമത്തിന്റെ രാഷ്ട്രീയച്ചൂടാറും മുമ്പ് ആൽമരം മുറിയിലും ചാണകം തളിയിലും പരസ്പരം വെല്ലുവിളിച്ച് കോൺഗ്രസ്-ബി.ജെ.പി നേതാക്കൾ.യൂത്ത് കോൺഗ്രസിന്റെ ചാണകംതളിയിൽ രാഷ്ട്രീയ വിശദീകരണവുമായെത്തിയ ടി.എൻ.പ്രതാപൻ എം.പിയുടെ 'മത്സരം ബി.ജെ.പിയും കോൺഗ്രസുമായിട്ടാണെന്ന' പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ മന്ത്രി കെ.രാജൻ രംഗത്തെത്തിയതോടെ ഇടതും രാഷ്ട്രീയക്കളത്തിൽ നിറഞ്ഞു.

വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്തെ ആൽമരച്ചില്ല മുറിച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പ്രസംഗിച്ച വേദിയിൽ കെ.എസ്.യുക്കാർ ചാണകവെള്ളമൊഴിക്കാനെത്തിയ സംഭവത്തിൽ വിശദീകരണവുമായാണ് പ്രതാപൻ മാദ്ധ്യമങ്ങളെ കണ്ടത്. പ്രതാപന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചതോടെ ബന്ധം തെളിയിക്കാൻ എം.പി വെല്ലുവിളിച്ചു. എം.പിക്ക് മേൽ ചാണകവെള്ളം ഒഴിക്കുമെന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിന്റെ പ്രസ്താവനയോട് ധൈര്യമുണ്ടെങ്കിൽ ചാണകവെള്ളം തളിക്കാൻ വായെന്നും പ്രതികരിച്ചു. കടലിന്റെ തിരമാലകളെ ഭയപ്പെടാത്ത ആളാണ് താൻ. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പേടിയില്ല. തൃശൂരിൽ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമം. ആർ.എസ്.എസ് അടക്കമുള്ള ഭൂരിപക്ഷ വർഗീയതയെയും പി.എഫ്.ഐയുടെ ന്യൂനപക്ഷ മുസ്ലീം വർഗീയതയെയും കോൺഗ്രസ് എതിർക്കുമെന്നും എം.പി വ്യക്തമാക്കി.

ചാണകവെള്ളം തളിക്കാനെത്തിയ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ബി.ജെ.പി ജില്ലാപ്രസിഡന്റ്, യുവമോർച്ച നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഫീൽഡിൽ പോകാത്ത എം.പിയെന്ന് രാജൻ

പ്രതാപൻ ഫീൽഡിൽ പോകാത്ത എം.പിയാണെന്ന് മന്ത്രി രാജൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

അരിവാൾ നെൽക്കതിരാണ് ഇടത് സ്ഥാനാർത്ഥിയുടേത്. തൃശൂരിൽ വിജയം മറ്റെങ്ങും പോകില്ല. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ സി.പി.ഐയാണ് മത്സരിക്കുന്നത്. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്നായിരുന്നു പ്രതാപന്റെ പ്രസ്താവന.

ഹൈക്കോടതിക്ക് മുന്നിലെ റിപ്പോർട്ട് നിർണ്ണായകം

ആലിന്റെ ചില്ല മുറിച്ച സംഭവത്തിൽ വടക്കുന്നാഥൻ ക്ഷേത്രം മാനേജരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഹൈക്കോടതിക്ക് കൈമാറുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു. ദേവസ്വം ബോർഡാണ് ചില്ല മുറിച്ചതെന്നായിരുന്നു ബി.ജെ.പി വാദം. മരം മുറി ജ്വലിപ്പിച്ച് നിറുത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകുന്ന മറുപടി നിർണായകമാണ്. വേദിയോടു ചേർന്നുള്ള ആൽമരത്തിന്റെ ചില്ലകളാണ് മുറിച്ചത്.

ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. കടലിലെ തിരമാലകളെ പേടിക്കാത്തവനാണ്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പേടിയില്ല.

ടി.എൻ.പ്രതാപൻ എം.പി

പി.എഫ്.ഐയുടെ പുതിയ ഭാവത്തിലുള്ള പ്രവർത്തകരാണ് ടി.എൻ.പ്രതാപൻ എം.പിക്ക് ചുറ്റുമുള്ളത്.

കെ.സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്