
തൃശൂർ: ദേശമംഗലത്ത് ജലശുദ്ധീകരണശാല നിർമ്മിക്കാനാവശ്യമായ സ്ഥലം അളക്കാൻ താലൂക്ക് സർവേയർമാരെ നിയോഗിക്കും. ഇതിനുള്ള നടപടിയാരംഭിച്ചതായി സബ് കളക്ടർ മുഹമ്മദ് ഷെഫീക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല ജല ശുചിത്വ മിഷൻ യോഗം അറിയിച്ചു. മിഷൻ പ്രവൃത്തികൾ ത്വരിതപ്പെടുത്തും. അന്തിക്കാട് പഞ്ചായത്തിലെ കാരമുക്ക് അഞ്ചങ്ങാടി റോഡ് പുന:സ്ഥാപന പ്രവൃത്തികൾക്കായി ബാക്കി വന്ന ഭരണാനുമതി തുകയിൽ നിന്ന് ഫണ്ട് അനുവദിക്കാൻ തീരുമാനമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജലസംഭരണി, ജലശുദ്ധീകരണശാല തുടങ്ങിയവയുടെ നിർമാണ പുരോഗതി, റോഡ് പുന:സ്ഥാപനം തുടങ്ങിയവ വിലയിരുത്തി. നാട്ടിക പ്രൊജക്ട് ഡിവിഷന് കീഴിലെ പഞ്ചായത്തുകൾക്ക് പഴയന്നൂർ, ചൊവ്വന്നൂർ പഞ്ചായത്തിന് ലഭിച്ച തുകയിൽ ബാക്കിയുള്ള 4932.27 ലക്ഷം ലഭ്യമാക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് സഹിതം അടുത്ത യോഗത്തിൽ സമർപ്പിക്കും.