
തൃശൂർ: കോടികൾ ചെലവിട്ട് തൃശൂർ കോർപ്പറേഷൻ പട്ടാളം റോഡിൽ നിർമ്മിച്ച ഇ.എം.എസ് സ്‌ക്വയറിൽ കോർപ്പറേഷൻ പരിപാടികളെങ്കിലും നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ ആവശ്യപ്പെട്ടു. ഇ.എം.എസിന്റെ പേരിൽ പണിത ഇവിടെ ഒരു പരിപാടിയും നടത്താതെ ഇടതുപക്ഷ കോർപ്പറേഷൻ പോലും സ്‌ക്വയറിനെ തഴഞ്ഞു. ഇവിടെയിപ്പോൾ ഒരു പരിപാടിയും നടക്കുന്നില്ല.
സ്‌ക്വയർ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ കോർപ്പറേഷന്റേതടക്കം പൊതുപരിപാടികൾ ഇവിടെ നടത്തുമെന്നാണ് മേയർ പ്രഖ്യാപിച്ചത്. എന്നാൽ അതുണ്ടായില്ല. അനാഥപ്രേതം പോലെ കിടക്കുകയാണ് സ്‌ക്വയർ. മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പേരിലുള്ള ഇവിടെ യോഗങ്ങൾ സംഘടിപ്പിക്കാൻ സി.പി.എമ്മെങ്കിലും തയ്യാറാവണം. ഇ.എം.എസിനെ അവഹേളിക്കുന്ന ഇടത് കോർപ്പറേഷനെ തിരുത്തി ഇവിടെ പരിപാടികൾ നടത്താൻ സി.പി.എം ജില്ലാ നേതൃത്വം നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.