
തൃശൂർ: സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ സാർവദേശീയ സാഹിത്യോത്സവം 28മുതൽ ഫെബ്രുവരി മൂന്ന് വരെ തൃശൂരിൽ നടത്തുമെന്ന് പ്രസിഡന്റ് കെ.സച്ചിദാനന്ദനും സെക്രട്ടറി സി.പി.അബൂബക്കറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ പ്രമുഖരായ 80ലേറെ പ്രസാധകരും അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.
28ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് ഫെസ്റ്റിവൽ പതാക ഉയർത്തും. മന്ത്രിമാരായ സജി ചെറിയാൻ, ആർ.ബിന്ദു, കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പി, എം.ടി.വാസുദേവൻ നായർ, എം.കെ.സാനു, അശോക് വാജ്‌പേയ്, ടി.എം.കൃഷ്ണ, പ്രകാശ് രാജ്, ഓസ്‌ട്രേലിയൻ കവി ലെസ് വിക്ക്‌സ് എന്നിവർ പങ്കെടുക്കും. അക്കാഡമിയിലെ പ്രകൃതി, മൊഴി, പൊരുൾ, അറിവ് എന്നീ വേദികളിലായി തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കി ചർച്ചകളും പ്രഭാഷണങ്ങളും നടക്കും.
ടി.പത്മനാഭൻ, എം.മുകുന്ദൻ, മാനസി, സക്കറിയ, അടൂർ ഗോപാലകൃഷ്ണൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എ.ബേബി, രമേശ് ചെന്നിത്തല, മന്ത്രി എം.ബി.രാജേഷ് എന്നിവർ പങ്കെടുക്കും. ചേരൻ, വിദേശരാജ്യങ്ങളിൽ നിന്നുള്ള ഗബ്രിയേൽ റോസൻസ്‌റ്റോക്, അഡ്രിയാൻ ഫിഷർ, ഹുവാന, അമീർ ഓർ, മുഹമ്മദ് അസീസ് തുടങ്ങി പ്രമുഖഎഴുത്തുകാരും പങ്കെടുക്കും. 1.25 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കോടി സർക്കാർ നൽകും. ദിവസവും വൈകിട്ട് എഴ് മുതൽ കഥകളി, നാടകം, സംഗീതം, നൃത്തം തുടങ്ങി വിവിധ കലാപരിപാടികളും നടക്കും. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാലിന് സമാപന സമ്മേളനം നടക്കും.