cctv

കുന്നംകുളം: കുന്നംകുളം നഗരം ഇനി മുതൽ നഗരസഭയുടെയും പൊലീസിന്റെയും സുരക്ഷാ വലയത്തിൽ. നഗരത്തിൽ 16 ക്യാമറകൾ സ്ഥാപിച്ചു. ടി.ടി.ദേവസി ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ, ഹെർബർട്ട് റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ എ.എൻ.പി.ആർ മോഡൽ ക്യാമറകളാണ് സ്ഥാപിച്ചത്.

ഈ ക്യാമറയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് അടക്കം വ്യക്തമായി തിരിച്ചറിയാനാകും.

പുതിയ ബസ് സ്റ്റാൻഡ് പ്രവേശന കവാടത്തിൽ രണ്ട് ഭാഗത്തേക്കും തിരിയാവുന്ന പി.ടി.സെഡ് ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്. വൈശ്ശേരി, വിക്ടറി, ടി.കെ.കൃഷ്ണൻ റോഡ്, തുറക്കുളം മാർക്കറ്റ്, ജവഹർ തിയേറ്റർ, പഴയ ബസ് സ്റ്റാൻഡ്, കാണിപ്പയ്യൂർ, മധുരക്കുളം, ആനായ്ക്കൽ ജംഗ്ഷൻ, പനങ്ങായി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിൽ ബുള്ളറ്റ് ക്യാമറകളാണ്. ഇതിൽ ടി.കെ.കൃഷ്ണൻ റോഡ്, ജവഹർ തിയേറ്റർ എന്നിവിടങ്ങളിൽ രണ്ട് ക്യാമറകളും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് മൂന്ന് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും നഗരസഭ ഓഫീസിലും ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കും. പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പാലക്കാട് കേന്ദ്രമായുള്ള ഭഗവതി അസോസിയേറ്റ് കമ്പനിയാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. നഗരസഭ 15 ലക്ഷം രൂപ ചെലവഴിച്ചു. പ്രാദേശിക കേബിൾ നെറ്റ് വർക്ക് കമ്പനിയായ സി.സി.ടി.വിയാണ് നെറ്റ് കണക്ഷൻ നൽകുന്നത്. ക്യാമറകളുടെ നടത്തിപ്പും അറ്റകുറ്റപണികളും ഒരു വർഷം ഭഗവതി അസോസിയേറ്റാകും. തുടർന്നുള്ള വർഷങ്ങളിൽ നഗരസഭ ടെൻഡർ വിളിച്ച് പുതിയ ധാരണാപത്രം ഒപ്പുവയ്ക്കും. മാലിന്യം വലിച്ചെറിയുന്നവരെയും സാമൂഹ്യ ദ്രോഹികളെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പുതിയ സംവിധാനം വഴി കഴിയും. എ.സി.മൊയ്തീൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് ക്യാമറകൾ സ്ഥാപിച്ചതെങ്കിലും വിപുലീകരണത്തിന് എം.എൽ.എ ഫണ്ട് ലഭിച്ചിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും സാമ്പത്തിക സാങ്കേതിക സഹായങ്ങളോ ലഭ്യമായിട്ടില്ല.

സാമൂഹികവിരുദ്ധരെ പിടിക്കാൻ മൂന്നാം കണ്ണ്

നഗരത്തിൽ 16 ക്യാമറകൾ

സ്ഥാപിക്കുക എ.എൻ.പി.ആർ ക്യാമറകൾ, പി.ടി.സെഡ് ക്യാമറകൾ, ബുള്ളറ്റ് ക്യാമറകൾ

പൊലീസ് സ്റ്റേഷനിലും നഗരസഭ ഓഫീസിലും കൺട്രോൾ റൂം

നഗരസഭ ചെലവഴിക്കുക 15 ലക്ഷം