തൃപ്രയാർ : എടമുട്ടം സെന്ററിലെ നിലവിലെ സ്ഥിതിയിൽ മാറ്റം വരുത്തരുതെന്നും റോഡിന് സഞ്ചാര തടസം സ്യഷ്ടിക്കുന്ന നിർമ്മാണ പ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. എടമുട്ടത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് ജഡ്ജി ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആക്്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അതുല്യഘോഷ് വെട്ടിയാട്ടിലാണ് ഹർജി ഫയൽ ചെയ്തത്. കഴിമ്പ്രം വി.പിഎം.എസ്.എൻ.ഡി.പി സ്‌ക്കൂൾ, സെന്റ് ആനീസ് സ്‌കൂൾ, എസ്.എൻ.വി സ്‌കൂൾ, എസ്.എൻ.എസ് സമാജം സ്‌കൂൾ, എസ്.എൻ.എസ് സമാജം ടി.ടി.ഐ, എസ്.എൻ.എസ് സമാജം മാനേജർ, എസ്.ബി.ഐ മാനേജർ, സഹകരണ ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവരുടെ പിന്തുണയോടെയായിരുന്നു ഹരജി. ജംഗ്ഷനിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് ആക്്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറെനാളായി സമരം നടന്നു വരികയാണ്. കേന്ദ്രമന്ത്രിമാരായ നിധിൻ ഗഡ്ഗരി, വി. മുരളീധരൻ, എൻ.എച്ച് പ്രൊജക്ട് ഡയറക്ടർ എറണാകുളം, റീജ്യണൽ ഓഫീസർ തിരുവനന്തപുരം, റോഡ് ഡവലപ്പ്‌മെന്റ് ഓഫീസർ, ജില്ലാ കളക്ടർ എന്നിവർക്ക് നേരത്തേ ആക്്ഷൻ കമ്മിറ്റി നിദേവനം നൽകിയിരുന്നു. അനുകൂലമായ ഒരു മറുപടിയും ലഭിക്കാതെ വന്നതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.