sachi

തൃശൂർ : പി.ടിയുടെ സിനിമകളെല്ലാം കോർത്തിണക്കുന്ന ഒരു ചരടുണ്ട്. അത് പ്രവാസികളായി ബന്ധപ്പെട്ടുള്ളതാണെന്ന് സാഹിത്യ അക്കാഡമി ചെയർമാനും കവിയുമായ കെ.സച്ചിദാനന്ദൻ. 4, 5, 6 തിയതികളിലായി മൂന്ന് ദിവസം നീണ്ടുനിന്ന 'പി.ടിയുടെ കലയും കാലവും' എന്ന സർഗാത്മകതയുടെ ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണത്തിനും പ്രശസ്തിക്കുമായാണ് പലരും സിനിമ ചെയ്യുന്നത്. അതിൽ നിന്നും തികച്ചും വ്യത്യസ്തനായി സിനിമയോടുള്ള അടങ്ങാത്ത ആവേശവും സ്‌നേഹവും കൊണ്ടാണ് പി.ടി സിനിമ ചെയ്യുന്നതെന്ന് ജോൺ ബ്രിട്ടാസ് എം.പി അഭിപ്രായപ്പെട്ടു. പി.ടി കലയും കാലവും കലാപവുമാണെന്നും കലാപങ്ങളും സൗഹൃദങ്ങളുമില്ലാതെ പി.ടി പൂർണനാവില്ല. ഇന്ത്യ ഇന്നെത്തി നിൽക്കുന്ന അവസ്ഥയെക്കുറിച്ച് 20 വർഷം മുമ്പ് പി.ടിയുമായി ചർച്ച ചെയ്ത ഓർമ്മയും അദ്ദേഹം പങ്കുവെച്ചു. മറുപടി പ്രസംഗത്തിൽ സിനിമയിലും ജീവിതത്തിലും താൻ നേരിട്ട ചില വൈകാരിക അനുഭവങ്ങൾ പി.ടി പങ്കുവെച്ചു. സംവിധായകൻ സത്യൻ അന്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി.കെ.മോഹനൻ, പണ്ഡിറ്റ് രമേഷ് നാരായണൻ, സി.പി.അബൂബക്കർ, കരിവള്ളൂർ മുരളി, മുരളി ചീരോത്ത്, കാവുമ്പായി ബാലകൃഷ്ണൻ, കെ.എൽ.ജോസ്, പി.ആർ.രമേശ് എന്നിവരും സംസാരിച്ചു.