
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവിലമ്മയ്ക്ക് നാട്ടുകാരുടെ വകയായി താലപ്പൊലി ആഘോഷിച്ചു. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടുകാരുടെ വഴിപാടായാണ് താലപ്പൊലി ആഘോഷം. ഉച്ചപൂജ കഴിഞ്ഞ് ഗുരുവായൂർ ക്ഷേത്ര നട അടച്ച ശേഷം ക്ഷേത്രത്തിനകത്ത് നിന്നും ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ചു.
എഴുന്നെള്ളിപ്പിന് പല്ലാവൂർ ശ്രീധരന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. ദേവസ്വം ആനതറവാട്ടിലെ കൊമ്പൻ ഇന്ദ്രസെൻ ഭഗവതിയുടെ കോലമേറ്റി. പഞ്ചവാദ്യം അവസാനിച്ച ശേഷം തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിൽ മേളം എഴുന്നള്ളിപ്പിന് അകമ്പടിയായി. ഭഗവതിയുടെ എഴുന്നള്ളത്തിന് ദ്രവ്യങ്ങൾ നിറച്ച 1001 നിറപറ ഒരുക്കി കിഴക്കേ നടപ്പന്തലിൽ ഭക്തർ എതിരേറ്റു. പറയെടുപ്പിന് ശേഷം നാദസ്വരത്തിന്റെ അകമ്പടിയിൽ കുളപ്രദക്ഷിണം ചെയ്ത് ഭഗവതിയെ ക്ഷേത്രത്തിനകത്തേയ്ക്ക് എഴുന്നള്ളിച്ചു. രാത്രി പത്തിനുള്ള എഴുന്നെള്ളിപ്പിന് ശേഷം ഭഗവതിക്ക് കളംപാട്ടുമുണ്ടായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ വിവിധ കലാപരിപാടികളും അരങ്ങേറി.