കാഞ്ഞാണി : സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്നും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. അരിമ്പൂർ പഞ്ചായത്തിലെ സൗരോർജ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള തീവ്രശ്രമം നടക്കുകയാണ്.
ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 154 കാർഷിക പമ്പുകൾ സൗരോർജവത്കരണം നടത്തിക്കഴിഞ്ഞു. 50 പമ്പുകളുടെ ജോലികൾ പുരോഗമിക്കുന്നു. കോൾപ്പാട പമ്പുകളുടെ കാര്യത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ആറുമുറി, വെളുത്തൂർ, മരകൊടി, കൈപ്പിള്ളി, വിളക്കുമാടം തുടങ്ങിയ പടവുകളിലെ പ്രവൃത്തികൾക്കുള്ള വർക്ക് ഓഡറുകൾ ഉടനെ നൽകുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. നവകേരള സദസിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ മത്സരങ്ങളിലെ വിജയകൾക്ക് ഉപഹാരം നൽകി. അതിദാരിദ്ര നിർമ്മാർജനത്തിന്റെ ഭാഗമായ ടുഗെദർ ഫൊർ തൃശൂർ പദ്ധതിക്കായി സഹകരിച്ച അരിമ്പൂരിലെ വിവിധ സ്‌കൂൾക്കുള്ള ഉപഹാരവും മന്ത്രി സമ്മാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശിവകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, തദ്ദേശസ്വയം ഭരണം അസിസ്റ്റന്റ് ഡയറക്ടർ കെ.എസ്. ആൻസൺ ജോസഫ്, തൃശൂർ ഡിവിഷൻ ഇലക്ട്രിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ കെ.എച്ച്. സാദിഖ്, ലിസി കെ. ഡേവിസ്, അയ്യന്തോൾ ഡിവിഷൻ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ എ. നിഷ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.