pramod

കൊടുങ്ങല്ലൂർ: ഭരണവർഗ പ്രത്യയ ശാസ്ത്രമായ ഹിന്ദുത്വത്തെ ഇടതുപക്ഷ സാംസ്‌കാരിക വിമർശനം കൊണ്ട് നേരിടണമെന്ന് ലിഖിതം അന്താരാഷ്ട്ര പുസ്തകോസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാദ്ധ്യമ സെമിനാർ അഭിപ്രായപെട്ടു. ഇരുളടഞ്ഞ കാലത്തെ മാദ്ധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സാധാരണമായ കാര്യങ്ങൾ അസാധാരണമായും അസാധാരണമായത് സാധാരണമായും മാദ്ധ്യമങ്ങൾ അവതരിപ്പിക്കുന്നതായി സെമിനാറിൽ സംസാരിച്ച മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. ബീഫ് കൈവശം വച്ചതിന് ഒരാളെ തെരുവിൽ അടിച്ചു കൊല്ലുക. ശേഷം ഇതേ പേരിൽ കൊലകൾ ആവർത്തിക്കുക. ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറ ബലപ്പെടുത്താൻ മാദ്ധ്യമ ലോകത്തെ ഭൂരിഭാഗവും കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ഇടതുപക്ഷ സാംസ്‌കാരിക പ്രവർത്തനത്തിലൂടെ പ്രതിരോധം തീർക്കണമെന്ന് പ്രമോദ് രാമൻ പറഞ്ഞു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന വാർത്തകൾ മടിയില്ലാതെ കൊടുക്കുന്ന കാലമാണിതെന്ന് ട്രൂ കോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റർ ടി.എം.ഹർഷൻ പറഞ്ഞു. കേരളത്തിന്റെ അഭിമാന ബോധം തകർക്കുക എന്നത് സംഘപരിവാർ ലക്ഷ്യമാണെന്നും ടി.എം.ഹർഷൻ പറഞ്ഞു. മോദി മീഡിയ വേരുറപ്പിച്ചതോടെ മാദ്ധ്യമ ലോകത്ത് നുണകളുടെ മലവെള്ളപാച്ചിലാണെന്ന് റിപ്പോർട്ടർ ടി.വിയിലെ സൂര്യ സുജി പറഞ്ഞു. സെമിനാറിൽ പ്രൊഫ.കെ.യു.അരുണൻ അദ്ധ്യക്ഷനായി. ടി.എൻ.ഹനോയ്, പി.വി.ബിമൽ കുമാർ, അഡ്വ.അഷറഫ് സാബാൻ, കെ.കെ.വിജയൻ, കെ.എം.ഗഫൂർ, പി.എസ്.ലയ എന്നിവർ സംസാരിച്ചു.