പെരുവനം അന്തർദേശീയ ഗ്രാമോത്സവത്തിൽ സംവിധായകൻ ഗിരീഷ് കാസറവള്ളിയും എഴുത്തുകാരൻ സി.എസ്. വെങ്കിടേശരനും തമ്മിൽ നടന്ന സംവാദം.
ചേർപ്പ്: വിവിധ ഭാഷകളിൽ നിർമ്മിക്കപ്പെടുന്ന ഇന്ത്യൻ സിനിമയെ ഒരൊറ്റ സാംസ്‌കാരിക രൂപമായി കരുതുന്നത് ശരിയല്ലെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി. പെരുവനം അന്തർദേശീയ ഗ്രാമോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ എഴുത്തുകാരനായ സി.എസ്. വെങ്കിടേശ്വരനുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് സിനിമ ഇന്ത്യൻ സിനിമയല്ല. ലോകമെങ്ങുമുള്ള നവതരംഗ സിനിമ ഓരോ ഇടത്തും വ്യത്യസ്തമായിരുന്നു. നമ്മുടെ നവതരംഗ സിനിമ പൂർണമായും ഇല്ലാതായിട്ടില്ല. നിർഭാഗ്യവശാൽ അവ മുഖ്യധാരയിലേയ്ക്ക് വരുന്നില്ല. ഇതൊരു ആഗോളപ്രതിഭാസമാണ്. ലോകം ഒരു ആഗോളവിപണിയായിത്തീർന്നപ്പോൾ പ്രാദേശകത്തനിമകൾ നഷ്ടമായെന്നും ഗിരീഷ് കാസറവള്ളി പറഞ്ഞു. ദേവ്ദത്ത് പട്‌നായിക്, ഡോ. അജു കെ. നാരായണൻ, ഷെഫ് സുരേഷ് പിള്ള, അഷ്ടമൂർത്തി, പെപിൻ തോമസ് മുണ്ടശ്ശേരി, ഡോ. ജോളി പുതുശ്ശേരി, ടി.ഡി. രാമകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ വിവിധ സെമിനാറുകളിൽ പങ്കെടുത്തു. കലാസന്ധ്യയിൽ മഹാരാഷ്ട്ര സിന്ധുദുർഗിൽ നിന്നുള്ള നൂൽപ്പാവക്കൂത്തും സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ തീയറ്റർ അവതരണവും നടന്നു.