ari


തൃശൂർ: സ്വന്തമായി സൗരോർജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് സജ്ജമാക്കി, ജില്ലയിൽ അനുബന്ധ ഓഫീസ് കെട്ടിടങ്ങളിൽ ഒരുക്കുന്ന ഏറ്റവും വലിയ ഊർജ ഉത്പാദന പഞ്ചായത്തായി മാറി അരിമ്പൂർ. സ്വന്തമായി വൈദ്യുതി ഉത്പാദനം സജ്ജമായതോടെ വൈദ്യുതി നിരക്കും ഇനി നിസാരം. മികവാർന്ന ആസൂത്രണത്തോടെ സൗരോർജ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പഞ്ചായത്ത് ഓഫീസ്, ഷോപ്പിംഗ്‌ കോംപ്ലക്‌സ്, ലൈബ്രറി, കമ്മ്യൂണിറ്റി ഹാൾ എന്നിങ്ങനെ നാല് കെട്ടിടങ്ങളിലായാണ്‌ സോളാർ പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. മൊബൈൽ ആപ്പ് വഴി പ്രതിദിന ഉത്പാദനവും, ഉപയോഗവും നിരീക്ഷിക്കാനും സാധിക്കും.

പ്രവർത്തനം ആരംഭിച്ച കഴിഞ്ഞ ഡിസംബർ മാസത്തിൽ പഞ്ചായത്ത് ഓഫീസിന്റെ വൈദ്യുതി ഉപയോഗത്തിൽ പൂർണമായും സോളാർ പാനലിൽ നിന്നാണ് ഉപയോഗിച്ചത്. 2022 - 23 വർഷ കാലത്തെ പ്ലാൻ ഫണ്ട്, പതിനഞ്ചാം ധനകാര്യ കമ്മിഷൻബേസിക് ഗ്രാന്റ് വിഹിതം, തനത് ഫണ്ട് തുടങ്ങിയവയിൽ നിന്ന് ആകെ 46,50,000 രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. അനർട്ട് മുഖേന തൃശൂരിലെ ബിങ്കാസ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്‌സ് ആൻഡ്‌സോളാർ സിസ്റ്റം സ്ഥാപനമാണ് നിർമ്മാണം. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാൾ കൂടി സോളാർ പാനൽ വഴിയുള്ള വൈദ്യുതി ഉപയോഗത്തിലേക്ക് മാറുകയാണ്.


154 കാർഷിക പമ്പുകളും


ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 154 കാർഷിക പമ്പുകൾ സൗരോർജവത്കരണം പൂർത്തീകരിച്ചു കഴിഞ്ഞു. 50 പമ്പുകളുടെ ജോലികൾ പുരോഗമിക്കുകയാണ്. കോൾപാട പമ്പുകളുടെ കാര്യത്തിൽ അരിമ്പൂർ പഞ്ചായത്തിലെ ആറുമുറി, വെളുത്തൂർ, മനക്കൊടി, കൈപ്പിള്ളി, വിളക്കുമാടം തുടങ്ങിയ പടവുകളിലെ പ്രവൃത്തികൾക്കുള്ള വർക്ക് ഓഡറുകൾ ഉടൻ നൽകുമെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കിയത്.


പുനരുപയോഗ ഊർജ സ്രോതസുകളിൽ നിന്ന് വൈദ്യുതി: മന്ത്രി

സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനവും 2027 ഓടെ പുനരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്ന് കണ്ടെത്തും. 2040 ഓടെ 100 ശതമാനം പുനരുപയോഗ ഊർജാധിഷ്ഠിത സംസ്ഥാനമായും 2050ഓടെ നെറ്റ് കാർബൺ ന്യൂട്രലായും മാറാനുള്ള തീവ്രശ്രമം നടക്കുകയാണ്. സർക്കാർ ഗ്രീൻ ഹൈഡ്രജൻ ഹബ്ബുകൾ സ്ഥാപിക്കുന്നതിന് ബഡ്ജറ്റിൽ 200 കോടിയും വകയിരുത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജ പദ്ധതികൾക്ക് പുറമേ, വൻകിട ജല വൈദ്യുത പദ്ധതികൾ കൂടി നിലവിൽ വന്നാൽ മാത്രമേ സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് ഉതകുന്ന രീതിയിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവൂ.

- അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ സൗരോർജ്ജ വൈദ്യുതി ഉത്പാദന പ്ലാന്റ് ഉദ്ഘാടനച്ചടങ്ങിൽ