തൃശൂർ: അപ്രതീക്ഷിത മഴയിൽ കോൾമുണ്ടകപ്പാടങ്ങളിൽ പതിനായിരത്തിലേറെ ഏക്കറോളം കൃഷിയിടം മുങ്ങിയതിന് പിന്നാലെ വെള്ളം വറ്റിക്കാൻ കഴിയാതെ നട്ടം തിരിഞ്ഞ് കർഷകർ. അമ്പത് എച്ച്.പിയുടെ ആറ് പമ്പ് സെറ്റ് ഉപയോഗിച്ചാണ് പുല്ലഴി മേഖലയിൽ വെള്ളം വറ്റിക്കുന്നത്. പക്ഷേ, കരവെള്ളം ഇറങ്ങിയതിനാൽ വെള്ളം വറ്റുന്നില്ല. മോട്ടോർ പെട്ടികൾക്കു മുകളിൽ വെള്ളമായതിനാലും പ്രയാസമുണ്ട്. വളമിട്ടു തുടങ്ങിയ സമയത്താണ് കർഷകരെ കണ്ണീരിലാഴ്ത്തി മഴ പെയ്തത്.
കോൾപ്പാടത്ത് 25 ദിവസം പ്രായമായ നെൽച്ചെടികളാണുള്ളത്. പുല്ലഴി മേഖലയിൽ കനത്ത വെള്ളക്കെട്ടുണ്ടായി. വെളളം ഉടൻ വറ്റിക്കാനുള്ള സഹായം അഭ്യർത്ഥിച്ച് റവന്യൂമന്ത്രിക്കും എം.എൽ.എയ്ക്കും പടവുകമ്മിറ്റികൾ നിവേദനം നൽകിയിട്ടുണ്ട്. പുറംകനാലിൽ വെള്ളം ഉയർന്ന് ബണ്ട് കവിഞ്ഞ് പടവിലേക്ക് 'കഴ' വീഴാനുള്ള സാഹചര്യവുമുണ്ട്. അടാട്ട് കൃഷിഭവനു കീഴിലുള്ള ചൂരക്കാട്ടുകര കോൾപ്പടവ് വിതച്ചതിനുശേഷം വെള്ളം മൂടുകയായിരുന്നു.
കനാൽ വെളളവും....
ചിമ്മിനി ഡാമിൽ നിന്നുളള വെളളവും പ്രതിസന്ധി രൂക്ഷമാക്കി. ചിറയ്ക്കൽ ഇഞ്ചമുടി കോൾപ്പടവിൽ കെ.എൽ.ഡി.സി കനാലിൽ നിന്ന് ബണ്ട് കവിഞ്ഞാണ് വെള്ളം കോൾപ്പാടത്തേക്കെത്തിയത്. ആദ്യത്തെ വളപ്രയോഗവും കീടനിയന്ത്രണവും കഴിഞ്ഞശേഷം വെള്ളം കയറിയത് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. അടാട്ട് മേഖലയിൽ വിതയ്ക്കാൻ തയ്യാറായ വിത്ത് എന്ത് ചെയ്യണമെന്നറിയാതെ വീടുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. മുള കരിഞ്ഞാൽ ഇതും നഷ്ടപ്പെടും.
രണ്ടാഴ്ച കാത്തിരിപ്പ്
വെള്ളം കുറയാൻ രണ്ടാഴ്ചയെങ്കിലും എടുക്കുമെന്ന് കർഷകർ പറയുന്നു. അതിനിടെ മഴ പെയ്താൽ നഷ്ടം താങ്ങാനാകില്ല. പുഴയ്ക്കലിലെ തോട്ടിൽ നിന്ന് ഏനാമാവ് കടവിലേക്ക് ഒഴുകിപ്പോകേണ്ട വെള്ളം ഇരുകരകളും കവിഞ്ഞൊഴുകിയാണ് പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങിയത്. ഏനാമാവ് കടവിൽ ചീപ്പ് തുറന്നുവിട്ട് വെള്ളം ഒഴുകിപ്പോയാൽ ഇവിടത്തെ വെള്ളക്കെട്ട് കുറയ്ക്കാനാകുമെന്ന് കർഷകർ പറയുന്നു.
വെളളത്തിൽ മുങ്ങിയത്:
ചേർപ്പ്, ചാഴൂർ, പാറളം, വല്ലച്ചിറ മേഖലയിൽ: 3000 ഏക്കർ
ചൂരക്കാട്ടുകരയിൽ: 250 ഏക്കർ
ചിറയ്ക്കൽ ഇഞ്ചമുടിയിൽ: 250 ഏക്കർ
പുല്ലഴി: 150 ഏക്കർ
ഒരേക്കറിന് ചെലവാക്കിയത്: ഏകദേശം 40,000 രൂപ
ചിമ്മിനിയിൽ ഒന്നരമണിക്കൂറിൽ പെയ്തത്: 72 മി.മീ
മുണ്ടകപ്പാടത്ത് സംഭരണം എന്ന്?
മുണ്ടകൻ സീസണിൽ കൊയ്‌തെടുക്കുന്ന നെല്ല് സംഭരിക്കാൻ അടിയന്തരമായി സംവിധാനമുണ്ടാക്കണമെന്ന് കർഷകർ. കൊയ്ത്തുകഴിഞ്ഞ് കർഷകർ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ വയ്ക്കോൽ നനഞ്ഞു. നെല്ല് സംഭരിക്കാൻ മില്ലുകളെ ചുമതലപ്പെടുത്താനുള്ള നടപടികൾ സപ്ലൈകോ വേഗത്തിലാക്കണമെന്നും ആവശ്യമുയർന്നു.
പുറംകനാലിലെ വെള്ളം ഷട്ടർ തുറന്ന് ഒഴുക്കിക്കളയാൻ ഉടൻ നടപടി വേണം. കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനും തയ്യാറാകണം.
- കൊളങ്ങാട്ട് ഗോപിനാഥൻ, പുല്ലഴി കോൾപ്പടവ് പ്രസിഡന്റ്