 
തൃശൂർ: ദേശീയ തൊഴിൽ നൈപുണ്യ പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്ന് ടി.എൻ. പ്രതാപൻ എം.പി. ഹയർ സെക്കൻഡറി മേഖലയിൽ എല്ലാ കുട്ടികൾക്കും ലഭ്യമാകേണ്ട പദ്ധതി വി.എച്ച്.എസ്.ഇയിലെ 389 സ്‌കൂളുകളിലെ കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ. ഹയർ സെക്കൻഡറിയിലെ എല്ലാ കുട്ടികൾക്കും തൊഴിൽ പരിചയം നൽകിയതായി കേന്ദ്രസർക്കാരിൽ തെറ്റായ റിപ്പോർട്ട് നൽകി പദ്ധതി അട്ടിമറിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വി.എച്ച്.എസ്.ഇ നോൺ വൊക്കേഷണൽ ലക്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. സൈമൺ ജോസ് അദ്ധ്യക്ഷനായി. കെ. നവീൻ കുമാർ, ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, റോജി പോൾ ഡാനിയൽ, സി.ടി. ഗീവർഗീസ്, പി.ടി. ശ്രീകുമാർ, ആർ. സജീവ്,സുജീഷ് കെ. തോമസ്, എം. ഗീത, പി.വി. ജോൺസൺ, പി.പി. സജിത്ത് എന്നിവർ സംസാരിച്ചു.