
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത മഹിളാസംഗമം കഴിഞ്ഞ് വേദി അഴിച്ചില്ല, അപ്പോഴേയ്ക്കും തൃശൂരിൽ രാഷ്ട്രീയവാഗ്വാദങ്ങളും വെല്ലുവിളികളും കൊഴുത്തു. ലോക്സഭാതിരഞ്ഞെടുപ്പിനുളള കളം ഒരുക്കിയാണ് മോദി മടങ്ങിയതെന്ന് വ്യക്തമായിരുന്നു. റോഡ് ഷാേയും 'മോദി ഗ്യാരന്റി' ഉറപ്പാക്കിയുളള പ്രസംഗവുമെല്ലാം വിളിച്ചുപറഞ്ഞത് മറ്റൊന്നല്ല. സംഗമം കഴിഞ്ഞ് പിറ്റേന്നാണ് വടക്കുന്നാഥ മെെതാനത്തെ ആൽമരം മുറിയും പ്രധാനമന്ത്രിയുടെ വേദിയിൽ ചാണകം തളിയ്ക്കാനുളള കെ.എസ്.യു.-യൂത്ത് കോൺഗ്രസ് ശ്രമവും വലിയ വിവാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വഴിയൊരുക്കിയത്.
കോൺഗ്രസ് - ബി.ജെ.പി നേതാക്കൾ തമ്മിലുളള സംഘർഷം വലിയൊരു രാഷ്ട്രീയ സംഘട്ടനത്തിലേക്ക് വഴിമാറിയില്ലെന്ന് ആശ്വസിക്കാം. യൂത്ത് കോൺഗ്രസിന്റെ ചാണകംതളിയിൽ ടി.എൻ.പ്രതാപൻ എം.പി രാഷ്ട്രീയ വിശദീകരണവുമായെത്തി. ചാണകം തളിയ്ക്കൽ സമരം അംഗീകരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പ്രതാപന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചതോടെ ബന്ധം തെളിയിക്കാൻ എം.പി വെല്ലുവിളിച്ചു.
ടി.എൻ. പ്രതാപൻ എം.പിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണത്തിലുറച്ച് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വെല്ലുവിളി ഏറ്റെടുത്തു. പി.എഫ്.ഐ. ബന്ധം തെളിയിക്കാനുള്ള ടി.എൻ. പ്രതാപന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും വേണ്ടി വന്നാൽ ഫോട്ടോ സഹിതം പുറത്തുവിടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 'മത്സരം ബി.ജെ.പിയും കോൺഗ്രസുമായിട്ടാണെന്ന' പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ മന്ത്രി കെ.രാജൻ രംഗത്തെത്തിയതോടെ ഇടതുമുന്നണിയും രാഷ്ട്രീയവിവാദത്തിൽ പങ്കുചേർന്നു.
ചാണകവെള്ളം തളിക്കാനെത്തിയ കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരുമായുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ബി.ജെ.പി ജില്ലാപ്രസിഡന്റ്, യുവമോർച്ച നേതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇതിലും രാഷ്ട്രീയമുണ്ടെന്നും എം.പിയുടെ ഇടപെടലുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു.
ആലിന്റെ കൊമ്പിലെ
വിവാദക്കാറ്റ്
ആലിന്റെ ചില്ല മുറിച്ച സംഭവം മോദി വരുന്നതിന് മുൻപേ വിവാദമാക്കിയിരുന്നു. ക്ഷേത്രാചാരങ്ങളുടെ ലംഘനമാണെന്നു വരെ പ്രചാരണമുണ്ടായി. ഈ വിഷയത്തിൽ വടക്കുന്നാഥൻ ക്ഷേത്രം മാനേജരുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ഹൈക്കോടതിക്ക് കൈമാറുമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചത്. ദേവസ്വം ബോർഡാണ് ചില്ല മുറിച്ചതെന്നായിരുന്നു ബി.ജെ.പി വാദം. ആൽമരക്കൊമ്പ് മുറിച്ച സംഭവം കത്തിച്ചുനിറുത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകുന്ന മറുപടി നിർണായകമാണ്. പ്രധാനമന്ത്രി പങ്കെടുത്ത നായ്ക്കനാലിലെ വേദിയോടു ചേർന്നുള്ള ആൽമരത്തിന്റെ ചില്ലകളാണ് മുറിച്ചത്. ഈ ഫോട്ടോകളും മറ്റും ഇടത് അനുഭാവികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പക്ഷേ, ഇടതുമുന്നണി നേതാക്കൾ ആദ്യം പരസ്യമായി പ്രതികരിച്ചില്ലെന്നു മാത്രം.
ഈ പശ്ചാത്തലത്തിൽ, തൊട്ടുപിന്നാലെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ഇറക്കി സോഷ്യൽ മീഡിയയിൽ അങ്കം തുടങ്ങിയിരുന്നു. യു.ഡി.എഫും എൽ.ഡി.എഫും എൻ.ഡി.എയും സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നതിന് മുൻപ് തന്നെ മൂന്ന് സ്ഥാനാർത്ഥികളെയും സൈബർ യോദ്ധാക്കൾ പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ ടി.എൻ.പ്രതാപനും എൻ.ഡി.എയുടെ സുരേഷ് ഗോപിയും ഏതാണ്ട് ഉറപ്പായ സ്ഥാനാർത്ഥികളാണെന്നാണ് സെെബർ ഇടത്തിൽ അവർ വ്യക്തമാക്കുന്നത്. എൽ.ഡി.എഫിൽ സി.പി.ഐയിലെ വി.എസ്.സുനിൽ കുമാറിന് നറുക്ക് വീഴാനാണ് സാദ്ധ്യതകളേറെയുള്ളതെന്നും പറയുന്നവരുണ്ട്. എന്നാൽ, മുൻമന്ത്രി കെ.പി.രാജേന്ദ്രന്റെ പേരും നേരത്തെ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ സുനിൽകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വെല്ലുവിളികളും അവകാശവാദങ്ങളും വരെ തുടങ്ങിയിരുന്നു. വി.എസ്. സുനിൽ കുമാറിന്റെ സൈബറിടവും സജീവമാണ്.
പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോയിൽ, പാർട്ടി ഭാരവാഹിത്വം ഇല്ലാതിരുന്നിട്ടും വാഹനത്തിൽ സ്ഥാനം ലഭിച്ചതോടെ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഏതാണ്ട് ഉറപ്പായ മട്ടാണെന്നാണ് ബി.ജെ.പി അനുഭാവികൾ പറയുന്നത്. മഹിളാ മോർച്ചയുടെ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത് പോയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ പൊടിപാറിയതെങ്കിലും സംസ്ഥാനത്ത് തന്നെ ആദ്യം സ്ഥാനാർത്ഥി ചർച്ചകൾ സജീവമായത് തൃശൂരിലാണെന്ന് പറയുന്നവരുണ്ട്. ഇതിനിടെ തൃശൂരിൽ മത്സരം കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ടി.എൻ.പ്രതാപൻ എം.പി പ്രസ്താവിച്ചതോടെ അതിൽപ്പിടിച്ചുളള ചർച്ചയും മുറുകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. അന്നും കോൺഗ്രസ് പറഞ്ഞിരുന്നത് എൽ.ഡി.എഫുമായിട്ടാണ് പ്രധാന മത്സരമെന്നായിരുന്നു.
വികസനം
തന്നെ ചർച്ച
വികസനപദ്ധതികൾ ഒന്നാെന്നായി എണ്ണിയാണ് നരേന്ദ്ര മോദി മഹിളാസംഗമത്തിൽ, മോദി ഗ്യാന്റിയെന്ന് നിരവധി തവണ ആവർത്തിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി അന്നും ഇന്നും വികസനപദ്ധതികൾ തന്നെയാണ് ഉയർത്തിക്കാണിക്കുന്നത്. പ്രതാപനും ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നല്ല. അഞ്ചുവർഷത്തിനിടെ, ജനങ്ങൾക്കിടയിൽ സജീവമായിരുന്ന പ്രതാപൻ, ചെയ്ത വികസനപ്രവർത്തനങ്ങളും വികസനവാഗ്ദാനങ്ങളും പ്രസംഗങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇടതുമുന്നണി നേതാക്കളും സംസ്ഥാനസർക്കാരിന്റെ വികസനനേട്ടങ്ങൾ ഒന്നാെന്നായി എടുത്തു പറയുന്നുണ്ട്. അതുതന്നെയാണ് അവരുടെ തുറുപ്പ് ചീട്ട്. ചുരുക്കത്തിൽ ആചാരവും വിശ്വാസവുമല്ല, വികസന ചർച്ചകൾ തന്നെയാകും തിരഞ്ഞെടുപ്പിൽ സജീവമാകുക എന്ന് ഉറപ്പായി.
സുരേഷ്ഗോപിയുടെ ഡയലോഗായ ' തൃശൂർ ഞാനങ്ങെടുക്കുകയാ... ' എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും പ്രചാരണവും പോരും തുടരുന്നത്. തൃശൂർ ആർക്കും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സൈബർ പോരാളികളും രംഗത്തുണ്ട്. ഇതിനനുസരിച്ചുള്ള ഡയലോഗും റീലുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. പ്രഖ്യാപനത്തിനു മുൻപേ അണികൾ സൈബർലോകം കീഴടക്കുമ്പോൾ രാഷ്ട്രീയപാർട്ടി നേതൃത്വത്തിനും തലവേദനയുണ്ട്. ഈ ചർച്ചകളെല്ലാം കാടുകേറി പാർട്ടികളെ തന്നെ തിരിഞ്ഞുകൊത്തുമോയെന്ന പേടി അവർ രഹസ്യമായി പങ്കുവയ്ക്കുന്നുമുണ്ട്.
തൃശൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട മേഖലകളിലെ ക്രൈസ്‌തവ സ്വാധീനവും നാട്ടിക, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ മുസ്ലിം സ്വാധീനവും എല്ലായിടത്തുമായി പരന്നുകിടക്കുന്ന ഹൈന്ദവ സ്വാധീനവുമാണ് തിരഞ്ഞെടുപ്പിലെ ഗതി നിർണയിക്കുന്നത്. സമീപകാല തിരഞ്ഞെടുപ്പുകളിൽ ചോർന്നുപോയ മതന്യൂനപക്ഷ പിന്തുണ തിരിച്ചെത്തുമെന്ന് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നു. എൽ.ഡി.എഫിന് അനുകൂലമാകുന്നത് താഴേത്തട്ടിലടക്കം ചിട്ടയായ സംഘടനാപ്രവർത്തനം, പ്രചാരണത്തിൽ പ്രതീക്ഷിക്കുന്ന മികവ്, നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിറുത്താനായ സ്വാധീനം എന്നിവയാണ്. യു.ഡി.എഫിന് അനുകൂലമാകുന്നത് മണ്ഡലത്തിൽ നിർണായകമായ ന്യൂനപക്ഷ വോട്ടുകളാണ്. എൻ.ഡി.എ യ്ക്കാണെങ്കിൽ ബി.ജെ.പിയുടെ വർദ്ധിക്കുന്ന വോട്ട്നില, ന്യൂനപക്ഷമേഖലകളിൽ അടക്കം ലഭിക്കുന്ന സ്വീകരണവുമാണ്. ചുരുക്കത്തിൽ തൃശൂരിലെ തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചു കഴിഞ്ഞു.