വടക്കാഞ്ചേരി: നേരം പോക്കിനായി വഴിയരികിലൊരു കളി കൂട്ടായ്മ. വടക്കാഞ്ചേരി ഓട്ടുപാറ വാഴാനി റോഡിലാണ് രസകരമായ കളി കൂട്ടായ്മയുള്ളത്. വഴിയരികിലെ കാരംബോർഡ് കളിയാണ് ഏറെ കൗതുകരം.
റോഡരികിൽ സ്ഥാപിച്ച കാരംബോർഡിൽ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഇരുന്ന് കളിക്കാം. വാഴാനി - കുണ്ടുകാട് ഭാഗത്തേക്കുള്ള ബസ് കാത്തു നിൽക്കുന്നവരാണ് നേരംപോക്കിനായി കാരംസ് കളിക്കാൻ ഏറെ എത്തുന്നത്. ചുമട്ടു തൊഴിലാളികളും ഓട്ടോ തൊഴിലാളികളും ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന പൊലീസുകാരും അടക്കം കാരംസ് കളിക്കാനെത്തും.
ഓട്ടുപാറയിലെ തൊഴിലാളികളും, കടക്കാരും, ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്നാണ് കാരം ബോർഡ് വാങ്ങിയത്. കളിക്കാൻ മെമ്പർഷിപ്പോ പണമോ നൽകേണ്ടതില്ല. രാവിലെ മുതൽ വൈകിട്ട് വരെ കൂട്ടുകൂടിയിരുന്ന് ആർക്കു വേണമെങ്കിലും ഈ കാരം ബോർഡ് വിനോദത്തെ ഉപയോഗിക്കാം.