munayam-band
സി.സി. മുകുന്ദൻ എം.എൽ.എയും കളക്ടർ വി.ആർ. കൃഷ്ണതേജയും മുനയം ബണ്ട് സന്ദർശിക്കുന്നു.

പെരിങ്ങോട്ടുകര: മുനയം ബണ്ട് പുനർനിർമ്മിക്കാൻ ആവശ്യമായ നടപടികളെടുക്കുമെന്ന് കളക്ടർ വി.ആർ. കൃഷ്ണതേജ. ഇക്കാര്യത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ സ്ഥലം സന്ദർശിച്ച സി.സി. മുകുന്ദൻ എം.എൽ.എയും കളക്ടറും മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ ബണ്ട് കരകവിഞ്ഞൊഴുകിയിരുന്നു. അതോടെ മേഖലയിൽ പതിനായിരം എക്കറിൽ നെൽക്കൃഷി നശിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതേത്തുടർന്ന് കൃഷിയെ ബാധിക്കാത്ത രീതിയിൽ ബണ്ടിൽ അഞ്ച് മീറ്റർ വീതിയിൽ ചെറിയ ചാല് കീറി വെള്ളം ഒഴുക്കിവിട്ടിരുന്നു. ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് പ്രകാരമായിരുന്നു നടപടി. തുടർന്നാണ് എം.എൽ.എയും കളക്ടറും അടിയന്തരമായി സ്ഥലം സന്ദർശിച്ചത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, എക്‌സി. എൻജിനിയർ ടി.കെ. ജയരാജ്, അസി. എൻജിനിയർ സിബു, ജനപ്രതിനിധികൾ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.