തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ഒരുക്കങ്ങൾ സജീവം. മറ്റ് ജില്ലകളിൽ റിട്ടേണിംഗ് ഓഫീസർമാരാകുന്ന ജില്ലയിൽ നിന്നുള്ള ഉയർന്ന ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്ന നടപടികളും ആരംഭിച്ചു. അസി. റിട്ടേറിംഗ് ഓഫീസറുടെ ചുമതലയുള്ള ജില്ലാ സപ്‌ളൈ ഓഫീസർ പി.ആർ. ജയചന്ദ്രനെ ഏറണാകുളം ജില്ലയിലേക്കും അവിടെ സപ്‌ളൈ ഓഫീസറായ ടി. സഹീറിനെ തൃശൂരിലേക്കും മാറ്റി.
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലെയും സപ്‌ളൈ ഓഫീസർമാരെയും ഇത്തരത്തിൽ മാറ്റി നിയമിച്ചിട്ടുണ്ട്. ഇവർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലനം ഇന്ന് മുതൽ ആരംഭിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കും വരും നാളുകളിൽ മറ്റ് ജില്ലകളിലേക്ക് സ്ഥലമാറ്റം ഉണ്ടാകും. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനം സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെ യോഗവും വിവിധ വകുപ്പുകളുടെ യോഗവും ചേരും.
അന്തിമ വോട്ടർ പട്ടിക 22 ന്
2024 ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടർ പട്ടിക 22 ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ, സ്ഥലം മാറിപ്പോയ വോട്ടുകളുടെ ക്രമീകരണം തുടങ്ങിയ അവകാശങ്ങളും ആക്ഷേപങ്ങളും തീർപ്പാക്കുന്നതിനുള്ള സമയം 12 വരെ വരെ നീട്ടി. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ രേഖകൾ, ഫോട്ടോ തുടങ്ങിയവയിൽ തിരത്തലുകൾ ഉണ്ടെങ്കിൽ ബൂത്ത് ലെവൽ ഓഫിസർമാർ വഴി ശരിയാക്കുന്നതിനുള്ള നിർദ്ദേശം നൽകും.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അണിയറ ഒരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികളും സജീവമാക്കി. ബൂത്ത്തലങ്ങളിൽ ഇതിനായി കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം സജീവമാക്കുന്നത്. തങ്ങൾക്ക് ഉറപ്പുള്ള പുതിയ വോട്ടർമാരുടെ പേരുകൾ പരമാവധി ചേർക്കാനുള്ള ശ്രമത്തിലാണ്. അനുകൂലമല്ലാത്ത സ്ഥിരം താമസക്കാരല്ലാത്തവരുടെ പേരുകൾ വെട്ടിമാറ്റുന്നതിന് പരാതികൾ കൊടുത്ത് ഒഴിവാക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിൽ വോട്ടർമാരെ ചേർക്കുന്നതിനായി വാർ റൂമകൾ ആരംഭിച്ചിട്ടുണ്ട്.