തൃശൂർ: കനത്ത മഴയെത്തുടർന്ന് നാശം സംഭവിച്ച മുനയം ബണ്ട് താത്കാലികമായി പുനർനിർമ്മിക്കാൻ ധാരണ. ചാഴൂർ, പാറളം, ചേർപ്പ് മേഖലയിലെ പതിനായിരത്തോളം ഏക്കറിലെ നെൽക്കൃഷി നശിക്കുന്ന സാഹചര്യത്തെ തുടർന്ന് കൃഷിയെയും പാടശേഖരത്തെയും കുടിവെള്ള ലഭ്യതയെയും ബാധിക്കാത്ത രീതിയിൽ മുനയം ബണ്ട് താത്കാലികമായി നീക്കം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം അടിയന്തരമായി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ബണ്ടിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ സി.സി. മുകുന്ദൻ എം.എൽ.എയുടെയും കളക്ടർ വി.ആർ. കൃഷ്ണതേജയുടെയും നേതൃത്വത്തിൽ നടന്ന സന്ദർശനത്തിലാണ് തീരുമാനമായത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കെ.കെ. ശശിധരൻ, താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ്, മെംബർമാരായ സി.എൽ. ജോയി, സിജോ പുലിക്കോട്ടിൽ, ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ജയരാജ് ടി.കെ, അസിസ്റ്റന്റ് എൻജിനിയർ സിബു തുടങ്ങിയവർ പങ്കെടുത്തു.