കൊടുങ്ങല്ലൂർ: അഴീക്കോട്-മുനമ്പം ജങ്കാർ സർവീസ് നിറുത്തിവച്ചത് മേഖലയിൽ നിത്യവും യാത്ര ചെയ്തിരുന്നവരെ ദുരിതത്തിലാക്കി. പ്രധാന മത്സ്യമേഖലയായ അഴീക്കോട്-മുനമ്പം പ്രദേശത്ത് ഇരുചക്ര വാഹനങ്ങളിലും മറ്റുമായി നിരവധി മത്സ്യത്തൊഴിലാളികളാണ് യാത്ര ചെയ്തിരുന്നത്. നിർമ്മാണത്തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയ യാത്രക്കാരും സർവീസ് ഒന്നുമില്ലാതെ വലഞ്ഞിരിക്കുകയാണ്. നൂറുകണക്കിനാളുകളാണ് സർവീസ് ഒന്നുമില്ലാത്തതുമൂലം യാത്ര ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഒരാഴ്ചയായി ജങ്കാർ സർവീസ് നിറുത്തിവച്ചിട്ട്. അഴീക്കോട്-മുനമ്പം പാലം നിർമ്മാണത്തിന് ജങ്കാർ സർവീസ് തടസമാകുമെന്നതിനാലാണ് നിറുത്തിവച്ചതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഫിറ്റ്‌നസ് കാലാവധി അവസാനിച്ചതാണ് ജങ്കാർ നിറുത്തിവയ്ക്കാൻ കാരണമെന്ന് പറയുന്നു. ജങ്കാർ സർവീസിന് പകരം ബോട്ട് സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. മുനമ്പം കടവിൽ ബോട്ട് അടുപ്പിക്കാനുള്ള ജെട്ടിയില്ലാത്തതാണ് കാരണമായി പറയുന്നത്. ജെട്ടി നിർമ്മാണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. പ്രധാന രാഷ്ട്രീയ കക്ഷികൾ പ്രതിഷേധം ഉയർത്തിയിട്ടില്ലെങ്കിലും ജനങ്ങളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം നിഷേധിക്കാതെ സുരക്ഷിത സംവിധാനങ്ങൾ ഒരുക്കി മെച്ചപ്പെട്ട ബോട്ട് സർവീസ് ഉടനെ ആരംഭിക്കാൻ ജില്ലാ പഞ്ചായത്ത് അതിവേഗ നടപടികൾ സ്വീകരിക്കണമെന്ന് കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് അനിൽ കുന്നത്തുർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജോൺസൺ മങ്കുഴി, ഇ.ഡി. ഫ്രാൻസിസ്, അലക്‌സ് താളൂപ്പാടത്ത്, സേവ്യാർ പടിയിൽ, ഷൈജ ടീച്ചർ, ജോൺസൺ വാളൂർ എന്നിവർ പ്രസംഗിച്ചു.