1

ഇരിങ്ങാലക്കുട: കോന്തിപുലം പാലത്തിന് താഴെ കെ.എൽ.ഡി.സി കനാലിന് കുറുകെ സ്ഥിരം തടയണ വൈകുന്നു. മഴയിൽ താത്കാലികമായി നിർമ്മിക്കുന്ന ബണ്ടുകൾ പൊട്ടിപ്പോകുമ്പോൾ കർഷകർക്കുണ്ടാകുന്ന പ്രയാസങ്ങൾ ഏറെയാണ്. ലക്ഷങ്ങളാണ് ഇതിനായി ഓരോ വർഷവും ഇറിഗേഷൻ വകുപ്പ് ചെലവഴിക്കുന്നത്. ഈ താത്കാലിക തടയണ സംവിധാനം സർക്കാറിനും കർഷകർക്കും ഒരുപോലെ ബാദ്ധ്യതയാണ്. മഴയിൽ വെള്ളം കയറുന്നതോടെ ബണ്ട് പൊട്ടിക്കുകയോ തള്ളിപ്പോകുകയോയാണ്. മഴയിൽ പാടശേഖരങ്ങളിൽ വെള്ളം കയറിയാൽ കടംവാങ്ങിയും പണയം വച്ചും പലിശയ്‌ക്കെടുത്തും കൃഷിക്കിറങ്ങുന്ന ഓരോ കർഷകർക്കും ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് വരിക. സ്ഥിരം സംവിധാനമാണെങ്കിൽ ഈ ഒരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും കർഷകർ പറഞ്ഞു. സ്ഥിരം തടയണ വേണമെന്ന് കാലങ്ങളായി കർഷകർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് നടപ്പാക്കാൻ ജനപ്രതിനിധികളോ സർക്കാറോ തയ്യാറാകുന്നില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി.
ഇരിങ്ങാലക്കുട നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂർ എന്നിവടങ്ങളിലായുള്ള 5000ത്തോളം ഏക്കർ കോൾപ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം സംഭരിക്കുന്നതിനായാണ് കോന്തിപുലം പാലത്തിന് സമീപം ബണ്ട് കെട്ടുന്നത്. കാലങ്ങളായി ഒരു അനുഷ്ഠാനം പോലെ തുടരുന്ന താത്കാലിക ബണ്ട് സംവിധാനം മാറ്റി സ്ഥിരം സംവിധാനം ഒരുക്കിയെങ്കിൽ മാത്രമെ ഇതിന് ശാശ്വതമായ പരിഹാരമാകുകയൊള്ളൂവെന്നാണ് കർഷകർ പറയുന്നത്.
കോന്തിപുലം കെ.എൽ.ഡി.സി കനാലിന് കുറുകെ സ്ഥിരം തടയണയ്ക്കായി 2022ലെ ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നെങ്കിലും ടോക്കൺ മണിയായി നൂറുരൂപ മാത്രമാണ് നീക്കിവച്ചിരുന്നത്. എന്നാൽ പദ്ധതിക്കാവശ്യമായ തുകയുടെ 20 ശതമാനമെങ്കിലും ലഭിക്കാതിരുന്നതിനാൽ ഇറിഗേഷൻ വകുപ്പിന് പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇറിഗേഷൻ വകുപ്പ് സമർപ്പിച്ച 12.21 കോടി രൂപയുടെ ഷട്ടർ കം സ്ലൂയിസ് പദ്ധതി അംഗീകരിച്ച് സർക്കാർ അതിന്റെ 20 ശതമാനം അനുവദിച്ചിട്ടുണ്ട്. വീതി കൂടിയ നാല് ഷട്ടറുകളടങ്ങിയ സ്ലൂയിസാണ് കോന്തിപുലം പാലത്തിന് പടിഞ്ഞാറുഭാഗത്തായി പണിയാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് സാങ്കേതിക അനുമതി കിട്ടി കഴിഞ്ഞാൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.