തൃശൂർ: സംഗീതം ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നുവെന്ന് നെയ് വേലി സന്താനഗോപാലൻ. പാർശ്വ ഫലങ്ങളൊന്നും ഇല്ലാത്ത ഒരേ ഒരു മരുന്നാണ് സംഗീതമെന്നും അദ്ദേഹം പറഞ്ഞു. വരവീണ സ്‌കൂൾ ഒഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സ്വരസംഗമം കർണാട്ടിക് എപിക് ക്വയർ ഒഫ് കേരള സംഗീത പരിപാടിക്ക് മുമ്പ് വേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള സംഗീത വിദ്യാർത്ഥികളും സംഗീത അദ്ധ്യാപകരുമായ 130 പേരെ ഒരു വേദിയിൽ അണിനിരത്തിയാണ് നെയ് വേലി സന്താനഗോപാലൻ സ്വരസംഗമം അവതരിപ്പിച്ചത്. സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലെ അപൂർവങ്ങളായ കൃതികളും രാഗങ്ങളും ആലപിച്ചു. ഹരിവരാസനം പാടി സമാപനം കുറിച്ചു. മാതംഗി സത്യമൂർത്തി, അജിത് നമ്പൂതിരി, വിദ്യാലക്ഷ്മി എന്നിവർ നേതൃത്വം നൽകി. വീണ വിദ്വാൻ എ. അനന്തപത്മനാഭൻ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.