തൃശൂർ: മലയോരകർഷകരെ മാത്രമല്ല റോഡിലൂടെ പോകുന്ന സ്‌കൂൾ വിദ്യാർത്ഥികളെ വരെ കാട്ടുപന്നിക്കൂട്ടങ്ങൾ ഓടിക്കുമ്പോൾ, വേട്ടക്കാർക്ക് നൽകാൻ പണമില്ലെന്ന് കൈമലർത്തി തദ്ദേശസ്ഥാപനങ്ങൾ. കൃഷിനാശത്തിന് നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുള്ള കർഷകരുടെ നെട്ടോട്ടം മാത്രം ബാക്കി. കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ അനുമതിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങൾ താത്പര്യമെടുക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
തിരുവില്വാമല മുതൽ അതിരപ്പിളളി വരെയുളള മലയോര മേഖലകളിലാണ് കാട്ടുപന്നിശല്യം കൂടുതലുള്ളത്. കടലോരങ്ങളോട് ചേർന്ന് കുറ്റിക്കാടുളള ഗ്രാമങ്ങളിൽ വരെ കാട്ടുപന്നികളെത്തി തുടങ്ങിയിട്ടുമുണ്ട്. തെരുവുനായ്ക്കളെപ്പോലെ വഴിയോരങ്ങളിലെ മാലിന്യം തിന്നാൻ വരെ കാട്ടുപന്നികളെത്തുന്നുണ്ടെന്ന് കർഷകർ പറയുന്നു. രാത്രികാലങ്ങളിലാണ് ശല്യം കൂടുതലും. വഴിയോരങ്ങളിലേയും മാർക്കറ്റുകളിലേയും പച്ചക്കറിമാലിന്യങ്ങളും മറ്റും ഇഷ്ടപ്പെട്ടതോടെ ഇവയുടെ ശല്യം കൂടുമെന്നാണ് വിദഗ്ദ്ധരുടേയും അഭിപ്രായം.
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ കഴിഞ്ഞദിവസം മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളാണ് പന്നിയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അതിരപ്പിള്ളിയിൽ ഒരുമാസത്തിനിടെ അഞ്ച് തൊഴിലാളികൾ പന്നിയുടെ ആക്രമണത്തിനിരയായി.
കപ്പക്കൃഷി സ്വപ്നങ്ങളിൽ മാത്രം
മലയോരഗ്രാമങ്ങളിൽ പ്രധാനമായിരുന്ന കപ്പക്കൃഷി നടത്താൻ ഈയിടെയായി കർഷകർ തയ്യാറാവുന്നില്ല. കൃഷിയിടങ്ങളിൽ കൂട്ടത്തോടെ പന്നിയിറങ്ങി നശിപ്പിക്കുന്നത് വ്യാപകമായതോടെയാണിത്. കൃഷിയിടങ്ങളിൽ ഇറങ്ങി വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ട് ഒന്നരവർഷത്തിലേറെയായി.
പന്നിയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കർഷകർക്ക് തോക്ക് ലൈസൻസ് ലഭിച്ചിട്ടുളള വ്യക്തികളുടെ വിവരങ്ങൾ കൈമാറുക മാത്രമാണ് ചെയ്യുന്നത്. കൃഷിക്കാർ പാനലിലുള്ള തോക്കുടമകളെ തേടിപ്പിടിച്ച് കൊണ്ടുവരണം. അപ്പോഴേക്കും കൃഷിയെല്ലാം നശിച്ചുകഴിഞ്ഞിട്ടുണ്ടാകും.
വെടിവച്ചു കൊന്നാൽ ആദ്യമൊക്കെ പ്രതിഫലമായി ചെറിയ തുക നൽകിയിരുന്നു. പന്നികളെ ശാസ്ത്രീയമായി കുഴിച്ചിടുന്നതിനാണിത്. എന്നാൽ ഇപ്പോൾ പണം ഇല്ലെന്നാണ് പഞ്ചായത്തുകൾ പറയുന്നത്.
കൊല്ലാനുളള നിബന്ധനകൾ:
വിഷം, സ്‌ഫോടക വസ്തു, വൈദ്യുത ഷോക്ക് എന്നിവ ഉപയോഗിച്ച് കൊല്ലരുത്.
മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും വന്യജീവികൾക്കും നാശമുണ്ടാകരുത്
ജഡം ശാസ്ത്രീയമായി സംസ്‌കരിച്ചതായി അധികൃതർ ഉറപ്പുവരുത്തണം.
കൊല്ലുന്ന കാട്ടുപന്നികളുടെയും ജഡങ്ങളുടെയും വിവരങ്ങളുടെ രജിസ്റ്റർ തദ്ദേശസ്ഥാപനം സൂക്ഷിക്കണം.
കൊല്ലാനും സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളെ ഉപയോഗപ്പെടുത്താം.
നശിപ്പിക്കാത്ത വിളകളില്ല
വീണുകിടക്കുന്ന നാളികേരവും നെൽക്കൃഷിയും വാഴയും കാട്ടുപന്നികൾ നശിപ്പിക്കും. ചേമ്പ്, ചേന, കൂവ തുടങ്ങിയ വിളകളും നശിപ്പിക്കുന്നുണ്ട്. മനുഷ്യജീവന് അപായമുണ്ടാക്കിയ സംഭവങ്ങളും നിരവധിയുണ്ട്. കാട്ടുപന്നികൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനങ്ങൾ ഇടിച്ച് അപകടം ഉണ്ടാകുന്നതും പതിവാണ്.