തൃശൂർ: പ്രൊഫ. ജി. ശങ്കരപിള്ള സ്മാരക പ്രഥമ നാടക പുരസ്‌കാരം യുവനാടക രചയിതാവ് റിയാസിന് നൽകും. 10001 രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചിറയിൻകീഴ് ഡോ. ജി. ഗംഗാധരൻ നായർ സ്മാരക സമിതിയാണ് പുരസ്‌കാരം നൽകുന്നതെന്ന് ചെയർപേഴ്‌സൺ കാഞ്ചന ജി. നായർ പത്രസമ്മേളനത്തിൽ പറഞ്ഞു. റിയാസ് എഴുതിയ നാലാമത്തെ സിംഹം എന്ന ഗ്രന്ഥമാണ് പുരസ്‌കാരത്തിന് അർഹമായതെന്ന് പുരസ്‌കാര നിർണയ സമിതി അംഗം പ്രൊഫ. പി.എൻ. പ്രകാശ് പറഞ്ഞു.
12ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡോ. എസ്.കെ. വസന്തൻ അവാർഡ് സമ്മാനിക്കും. ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ഡോ. കെ.യു. കൃഷ്ണകുമാർ, എം. നളിൻബാബു എന്നിവരും പങ്കെടുത്തു.