
ഗുരുവായൂർ: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തിയേക്കും. 17നാണ് വിവാഹം. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ഡി.ഐ.ജി അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, ഗുരുവായൂർ അസി. കമ്മിഷണർ കെ.ജി. സുരേഷ്, സുരേഷ് ഗോപി, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്തെ ഒരുക്കം വിലയിരുത്തി.
ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡ്, വിവാഹ സൽക്കാരം നടക്കുന്ന ഹാൾ എന്നിവിടങ്ങളിൽ ഡി.ഐ.ജി അജിത ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധിച്ചു. സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിനു കൈമാറും. കേന്ദ്രമന്ത്രിമാരും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപരാഷ്ട്രപതിയും എത്താൻ സാദ്ധ്യതയുണ്ട്.
സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസന്വേഷണം പൂർത്തിയായെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്നും സർക്കാർ വിശദീകരിച്ചിരുന്നു. അറസ്റ്റ് വേണ്ടിവരുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്നാണ് ജസ്റ്റിസ് സോഫി തോമസിന്റെ നിർദ്ദേശം.
ഒക്ടോബർ 27ന് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ സുരേഷ് ഗോപി ചുമലിൽ പിടിച്ചെന്നും ഒഴിഞ്ഞു മാറിയപ്പോൾ വീണ്ടും പിടിക്കാൻ ശ്രമിച്ചെന്നും ഈ ഘട്ടത്തിൽ കൈ തട്ടിമാറ്റിയെന്നും മാദ്ധ്യമപ്രവർത്തകയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഐ.പി.സി സെക്ഷൻ 354 എ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുത്ത നടക്കാവ് പൊലീസ് പിന്നീട് സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (സെക്ഷൻ 354) കൂടി ചുമത്തിയിരുന്നു. ജനുവരി 17 ന് മകളുടെ വിവാഹം നടക്കുന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യഹർജി നൽകിയത്.